പോലീസ് ഉദ്യോഗസ്ഥന്റെ ലൈംഗിക താത്പര്യത്തിന് മറിയം റഷീദ വഴങ്ങാതിരുന്നതിന്റെ പക, ചാരക്കേസ് കെട്ടിച്ചമച്ചത് എന്ന് സിബിഐ


തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച ഐഎസ്ആർഒ ചാരക്കേസിന് പിന്നിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥന്റെ ലൈം​ഗിക താത്പര്യം നിഷേധിച്ചതാണെന്ന സിബിഐ കണ്ടെത്തലിനെ കുറിച്ച് കേരളം ഞെട്ടലോടെയാണ് കേട്ടത്. സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടറായിരുന്ന എസ്. വിജയന്റെ ലൈം ​ഗിക താത്പര്യത്തിന് മറിയം റഷീദ വഴങ്ങാതിരുന്നതിന്റെ പകയിലാണ് ചാരക്കേസ് ജനിക്കുന്നത് എന്നാണ് സിബിഐ കണ്ടെത്തൽ. തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.

എസ് വിജയന്റെ ലൈം​ഗികാവശ്യങ്ങൾക്ക് വഴങ്ങാത്തതിലെ നീരസമാണ് മറിയം റഷീദയെ അനധികൃതമായി അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചതെന്നും പിന്നീട് അത് മറയ്ക്കാനായി കൂടുതൽ തെറ്റായ കാര്യങ്ങൾ ചെയ്യുകയുമായിരുന്നുവെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. സിബി മാത്യൂസ്,​ കെ കെ ജോഷ്വാ,​ ആർ.ബി. ശ്രീകുമാർ,​ എസ്. വിജയൻ,​ പി.എസ്. ജയപ്രകാശ് എന്നിവർ ഗൂഢാലോചന നടത്തുകയും വ്യാജരേഖകൾ തയ്യാറാക്കി അനധികൃത അറസ്റ്റുകൾ നടത്തി ഇരകളെ പീഡിപ്പിക്കുകയായിരുന്നുവെന്നും സി.ബി.ഐ കുറ്റപ്പെടുത്തുന്നു. മറിയം റഷീദയെ ലൈംഗികമായി പീഡിപ്പിക്കാനും എസ്. വിജയൻ ശ്രമിച്ചു. ഈ നാലുപേരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു.

ഐഎഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന സംബന്ധിച്ച കുറ്റപത്രത്തിൽ കേരള സർക്കാരിനെതിരെയും സിബിഐ. ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ചതിൽ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ.ജോഷ്വ, എസ്. വിജയൻ എന്നിവർക്കെതിരെ നടപടി എടുക്കണമെന്ന് കേരള സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ സർക്കാർ ചാരക്കേസ് വീണ്ടും അന്വേഷിക്കാനാണ് ഉത്തരവിട്ടത്. എന്നാൽ ആ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

എങ്കിലും ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി വേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം. ഇതിനെതിരെ നമ്പി നാരായണൻ സുപ്രീംകോടതിയിലെത്തി. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ച കോടതി കേസിൽ അദ്ദേഹത്തെ കുടുക്കിയത് സംബന്ധിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് ഡി.കെ.ജയിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി നിർദേശപ്രകാരമാണ് 2021 മേയിൽ ഗൂഢാലോചന സംബന്ധിച്ച് കേസെടുത്തത്. കേരളാ പൊലീസിലെ ഏഴ് ഉദ്യോഗസ്ഥരുടെയും 11 ഐബി ഉദ്യോഗസ്ഥരുടെയും പേരിലാണ് കേസ്.

സിബിഐ നടത്തിയ അന്വേഷണത്തിൽ മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും തിരുവനന്തപുരത്ത് ഹോട്ടൽ സാമ്രാട്ടിൽ 1994 സെപ്റ്റംബർ 17 മുതൽ താമസിച്ചിരുന്നതായി കണ്ടെത്തി. വീസാ കാലാവധി കഴിയാനിരുന്നതിനാൽ പൊലീസ് കമ്മിഷണറുടെ ഓഫിസിൽ എത്തി സ്‌പെഷൽ ബ്രാഞ്ച് സിഐ എസ്.വിജയനെ കണ്ടു. ശ്രീലങ്കയിലേക്കുള്ള വിമാന ടിക്കറ്റും പാസ്‌പോർട്ടും വാങ്ങിവച്ച വിജയൻ, വീണ്ടും വരാൻ മറിയം റഷീദയോടു പറഞ്ഞു. ഒക്‌ടോബർ 13 ന് ഇവർ താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെത്തിയ വിജയൻ ഫൗസിയ ഹസനോടു പുറത്തുപോകാൻ പറഞ്ഞു. തുടർന്ന് മുറിയടച്ച വിജയൻ ലൈംഗികതാൽപര്യത്തോടെ മറിയം റഷീദയെ സമീപിച്ച് അവരെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. എന്നാൽ അവർ ചെറുത്തതോടെ വിജയൻ പെട്ടെന്ന് മുറിവിട്ടു പുറത്തുപോയി.

തുടർന്ന് ഹോട്ടൽ രേഖകൾ പരിശോധിച്ചതിൽനിന്ന്, മറിയം റഷീദ ഐഎസ്ആർഒയിൽ ജോലി ചെയ്തിരുന്ന ഡി.ശശികുമാരൻ എന്ന ശാസ്ത്രജ്ഞനെ ഫോണിൽ ബന്ധപ്പെട്ടതായി വിജയന് വിവരം ലഭിച്ചു. മാലദ്വീപ് സ്വദേശിനി ഐഎസ്ആർഒ ശാസ്ത്രജ്ഞനെ വിളിച്ച വിവരം വിജയൻ പൊലീസ് കമ്മിഷണർ വി.ആർ.രാജീവനെ അറിയിച്ചു. ഇദ്ദേഹം അക്കാര്യം എസ്‌ഐബി ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ആർ.ബി.ശ്രീകുമാറിനെയും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്ഐബി ഉദ്യോഗസ്ഥരായ എം.ജെ.പുന്നനും ജി.എസ്.നായരും മറിയം റഷീദയും ഫൗസിയ ഹസനും താമസിക്കുന്ന ഹോട്ടൽ മുറിയിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ഫൗസിയ ഹസൻ ഒക്‌ടോബർ 19-ന് ഹോട്ടൽ വിട്ട് ബെംഗളൂരുവിലേക്കു പോയി. എന്നാൽ വിജയൻ പാസ്‌പോർട്ട് പിടിച്ചുവച്ചിരുന്നതിനാൽ മറിയം റഷീദയ്ക്ക് തിരുവനന്തപുരത്തുനിന്ന് ശ്രീലങ്കയിലേക്കു പോകാൻ കഴിഞ്ഞില്ല. രേഖകൾ മടക്കിക്കിട്ടാൻ പല തവണ ഓഫിസിൽ എത്തിയെങ്കിലും വിജയൻ ഇല്ലെന്ന മറുപടിയാണ് അവർക്കു കിട്ടിയത്. 20 ന് അവർ ഹോട്ടൽ വിട്ട് അവർക്കു പരിചയമുള്ളവർ താമസിക്കുന്ന വീട്ടിലേക്കു മാറി.

വീസാ കാലാവധി കഴിഞ്ഞ് ഇന്ത്യയിൽ താമസിച്ച കുറ്റത്തിന് മറിയം റഷീദയ്‌ക്കെതിരെ കേസെടുക്കാൻ പൊലീസ് കമ്മിഷണർ നിർദേശിച്ചു. തുടർന്ന് 20 ന് അവരെ എസ്.വിജയൻ ഓഫിസിലേക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നു. ഇതോടെ, മറിയം റഷീദ ശശികുമാരനെ ഫോണിൽ ബന്ധപ്പെട്ടുവെന്നും പിഎസ്എൽവിയുടെ വിവരങ്ങൾ കൈമാറിയെന്നുമുള്ള തരത്തിൽ വാർത്ത പ്രചരിച്ചു. മറിയത്തിനെ ചാരക്കേസിൽ കുടുക്കാൻ എസ്.വിജയൻ മാധ്യമങ്ങൾക്കു തെറ്റായ വിവരങ്ങൾ നൽകുകയായിരുന്നുവെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

മറിയം റഷീദയ്‌ക്കെതിരെ ഇന്ത്യയിൽ വീസാ കാലാവധി കഴിഞ്ഞു താമസിച്ചുവെന്ന കുറ്റത്തിന് വഞ്ചിയൂർ പൊലീസ് സ്‌റ്റേഷനിലാണ് കേസെടുത്തത്. തുടർന്ന് മറിയം റഷീദയെ അറസ്റ്റ് ചെയ്തു. ആദ്യം കേസ് അന്വേഷിച്ചത് വഞ്ചിയൂർ എസ്‌ഐ ആയിരുന്ന തമ്പി എസ്. ദുർഗാദത്ത് ആണ്. പിറ്റേന്ന് ഇവർ താമസിച്ചിരുന്ന സ്ഥലം പരിശോധിച്ച് രേഖകൾ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ മറിയം റഷീദയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പിടിച്ചെടുത്ത രേഖകൾ ഒരു സ്‌കൂൾ കുട്ടിയുടെ സഹായത്തോടെ തർജമ ചെയ്തപ്പോൾ മാലദ്വീപ് സർക്കാരിനെ അട്ടിമറിക്കാനും പ്രസിഡന്റിനെ വധിക്കാനുമുള്ള പദ്ധതിയാണെന്നു കണ്ടെത്തി. 1994 നവംബർ മൂന്നിന് കേസന്വേഷണം എസ്.വിജയന് കൈമാറി. പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ മറിയം റഷീദയെ സിആർപിഎഫ് ഗെസ്റ്റ് ഹൗസിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും പൊലീസും ചേർന്നു ചോദ്യം ചെയ്തു. ഇവരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ പ്രവർത്തിച്ചുവെന്ന കുറ്റത്തിന് കേസെടുത്തു.

കേസ് അന്വേഷിച്ചിരുന്ന എസ്.വിജയൻ മറിയത്തിന് സിആർപിഎഫ് ക്യാംപിലെത്തിച്ച് അനധികൃതമായി ഐബി ഉദ്യോഗസ്ഥർക്കു മുന്നിൽ ചോദ്യം ചെയ്യലിനായി വിട്ടു നൽകിയെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. മറിയം റഷീദ ചാരവൃത്തിയിൽ ഏർപ്പെട്ടുവെന്ന തരത്തിൽ ഒരു പരാമർശവും കേസ് രേഖകളിൽ ഉണ്ടായിരുന്നില്ല. എന്നാൽ പീന്നിട് എസ്.വിജയൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1994 നവംബർ 13-ന് വഞ്ചിയൂർ പൊലീസ് ചാരക്കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. എപിപി ഹബീബ് പിള്ളയാണ് ചാരക്കേസ് റജിസ്റ്റർ ചെയ്യാൻ ഉപദേശിച്ചതെന്ന് വിജയൻ കേസ് ഡയറിയിൽ എഴുതിയിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യലിൽ ഹബീബ് പിള്ള അതു നിഷേധിച്ചു.

മറിയം റഷീദയെ പൊലീസ് കസ്റ്റഡിയിൽ കിട്ടാൻ വേണ്ടി കെട്ടിച്ചമച്ചതാണ് ഐഎസ്ആർഒ ചാരക്കേസ് എന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. കേസിൽ മാലദ്വീപ് സ്വദേശിനിയായ ഫൗസിയ ഹസനെയും അറസ്റ്റ് ചെയ്തിരുന്നു.
നവംബർ 15-ന് ഡിജിപിയുടെ ഉത്തരവ് പ്രകാരം കേസ് ഡിഐജി സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനു കൈമാറി.

എസ്പി ജി.ബാബുരാജ്, ഡിഎസ്പി കെ.കെ.ജോഷ്വ, എസ്‌ഐ എസ് ജോഗേഷ്, തമ്പി എസ്. ദുർഗാദത്ത് എന്നിവരായിരുന്നു ടീമിലുണ്ടായിരുന്നത്. തുടർന്ന് സിബി മാത്യൂസിന്റെ നിർദേശപ്രകാരം നവംബർ 21 ന് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞൻ ഡി.ശശികുമാറിനെ അഹമ്മദാബാദിൽനിന്ന് അറസ്റ്റ് ചെയ്തു. റഷ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രതിനിധിയായിരുന്ന കെ.ചന്ദ്രശേഖൻ, ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ, കോൺട്രാക്ടറായ സുധീർ കുമാർ ശർമ എന്നിവരെയും പിന്നാലെ അറസ്റ്റ് ചെയ്തു.

കേരളാ പൊലീസിന്റെ കസ്റ്റഡിയിൽ ഐബി ഉദ്യോഗസ്ഥരായ ആർ.ബി. ശ്രീകുമാർ, പി.എസ്.ജയപ്രകാശ് തുടങ്ങിയ ഉദ്യോഗസ്ഥർ അറസ്റ്റിലായവരെ ചോദ്യം ചെയ്തു. ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിൽ ഒപ്പു വയ്ക്കാത്ത 4 ചോദ്യം ചെയ്യൽ റിപ്പോർട്ടുകൾ സിബിഐ കണ്ടെത്തി. പ്രതിയാക്കപ്പെട്ടവരുടെ മൊഴികളും സിബിഐ പരിശോധിച്ചു. എന്നാൽ ചാരപ്രവർത്തനം നടന്നുവെന്ന് തെളിയിക്കുന്ന ഒന്നും ലഭിച്ചില്ല. തെളിവുകളില്ലെന്ന് അറിഞ്ഞു കൊണ്ടാണ് പ്രത്യേക അന്വേഷണ സംഘവും ഐബി ഉദ്യോഗസ്ഥരും ആറ് പേരെ അറസ്റ്റ് ചെയ്തതും കേസിൽ കുടുക്കിയതും എന്ന് സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിക്കാനായി പൊലീസും ഐബി ഉദ്യോഗസ്ഥരും മാനസികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചുവെന്ന് നമ്പി നാരായണൻ, ഡി.ശശികുമാരൻ, മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവർ പറഞ്ഞതായി സിബിഐ വ്യക്തമാക്കുന്നു. പി.എസ്.ജയപ്രകാശാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് നമ്പി നാരായണനും ശശികുമാരനും പറഞ്ഞു. നമ്പി നാരായണനെ കൂടുതൽ മർദിക്കരുതെന്ന് പൊലീസുകാരോടു പറഞ്ഞതായി സാക്ഷിയായ ഡോ.വി. സുകുമാരൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മെഡിക്കൽ റിപ്പോർട്ടുകൾ മനപൂർവം പൂഴ്ത്തിവയ്ക്കുകയാണ് കേരളാ പൊലീസ് ചെയ്തതെന്നും സിബിഐ കുറ്റപ്പെടുത്തുന്നു.

നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് ഡിഐജി ആയിരുന്ന സിബി മാത്യൂസിന്റെ നിർദേശപ്രകാരമാണെന്ന് എസ്‌ഐടി അംഗമായിരുന്ന ജോഗേഷ് മൊഴി നൽകിയിട്ടുണ്ട്. നമ്പി നാരായണൻ ചെയ്ത കുറ്റം സംബന്ധിച്ച് ഒരു തെളിവും തനിക്കു ലഭിച്ചിരുന്നില്ലെന്നും ജോഗേഷ് പറഞ്ഞു. ഐബി ഉദ്യോഗസ്ഥർ നമ്പി നാരായണനെ ചോദ്യം ചെയ്യുമ്പോൾ മുറിയിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ലെന്നും ജോഗേഷ് വ്യക്തമാക്കിയിട്ടുണ്ട്.

നമ്പി നാരായണനെ ചോദ്യം ചെയ്ത് റിപ്പോർട്ട് എഴുതിയത് ജോഗേഷ് ആണെന്നാണ് കേസ് ഡയറിയിൽ പറയുന്നത്. എന്നാൽ സിബിഐ ചോദ്യം ചെയ്യലിൽ ജോഗേഷ് ഇതു നിഷേധിച്ചു. നമ്പി നാരായണന്റെ മൊഴി ഒപ്പില്ലാതെ സിബി മാത്യൂസ് ടൈപ്പ് ചെയ്തു നൽകിയത് അതേപടി പകർത്തി എഴുതുകയായിരുന്നുവെന്നും ജോഗേഷ് പറഞ്ഞു. സിബി മാത്യൂസിന്റെ നിർദേശപ്രകാരം കെ.കെ.ജോഷ്വയാണ് തെറ്റായ കേസ് രേഖകൾ തയാറാക്കിയതെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നുണ്ട്. ആർ.ബി.ശ്രീകുമാറിന്റെ നിർദേശം അനുസരിച്ചാണ് എസ്‌ഐബിയിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതെന്ന് ഡി.ശശികുമാരൻ സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്.