ഗുരുവായൂരില്‍ നിന്നും വാങ്ങിയ ലോക്കറ്റ് 22 കാരറ്റ് സ്വര്‍ണ്ണമെന്ന് തെളിഞ്ഞു: മാപ്പ് പറഞ്ഞ് പരാതിക്കാരന്‍


തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും വാങ്ങിയ സ്വര്‍ണ്ണ ലോക്കറ്റ് വ്യാജമാണെന്ന് പരാതി തെറ്റാണെന്നു തെളിഞ്ഞു. ലോക്കറ്റ് 22 കാരറ്റ് സ്വര്‍ണ്ണമെന്ന് പരിശോധനകളില്‍ തെളിഞ്ഞതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. തുടർന്ന് ലോക്കറ്റ് വ്യാജമാണെന്ന ആരോപണം ഉന്നയിച്ച ഒറ്റപ്പാലം സ്വദേശി കെ പി മോഹന്‍ദാസ് ദേവസ്വത്തോട് മാപ്പ് പറഞ്ഞു. അതേ സമയം ദേവസ്വത്തെ അപകീര്‍ത്തിപ്പെടുത്തിയ മോഹന്‍ദാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ അറിയിച്ചു.

read also: വെയിറ്റിംഗ് ടിക്കറ്റുമായി യാത്ര ചെയ്താൽ വലിയ പിഴ നൽകണം: ഇന്ത്യൻ റെയിൽവേയുടെ പുതിയ നിയമം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും മേയ് 13ന് വാങ്ങിയ 2 ഗ്രാം സ്വര്‍ണ്ണ ലോക്കറ്റ് വ്യാജമാണെന്നാരോപിച്ച്‌ മോഹന്‍ദാസ് ദേവസ്വത്തിന് പരാതി നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണത്തിന് ദേവസ്വം നടപടിയെടുക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരന്റെയും ദേവസ്വം ചെയര്‍മാന്‍, ഭരണസമിതി അംഗങ്ങളായ ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, കെ പി വിശ്വനാഥന്‍, വി ജി രവീന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്വര്‍ണ ലോക്കറ്റ് ദേവസ്വം അപ്രൈസര്‍ കെ ഗോപാലകൃഷ്ണനെ കൊണ്ട് പരിശോധിപ്പിച്ചു. പരിശോധനയില്‍ ലോക്കറ്റ് സ്വര്‍ണ്ണമെന്ന് തെളിഞ്ഞു. തുടര്‍ന്ന് പരാതിക്കാരന്റെ ആവശ്യപ്രകാരം ഗുരുവായൂരിലെ ഒരു ജ്വല്ലറിയിലും ലോക്കറ്റ് പരിശോധിപ്പിച്ചു. പരാതിക്കാരനെ ഒപ്പം കൂട്ടി ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കല്‍, ഡിഎ (ഫിനാന്‍സ് ) കെ ഗീത, എസ്‌എ അനൂപ് എന്നിവരുടെ സാന്നിധ്യത്തില്‍ ജ്വല്ലറിയില്‍ നടത്തിയ പരിശോധനയിലും സ്വര്‍ണ്ണമെന്ന് വീണ്ടും ഉറപ്പ് വരുത്തി.

കൂടാതെ, സ്വര്‍ണ്ണത്തിന്റെ ഗുണ പരിശോധന നടത്തുന്ന സര്‍ക്കാര്‍ അംഗീകാരമുള്ള കുന്നംകുളത്തെ അമൃത അസൈ ഹാള്‍മാര്‍ക്ക് സെന്ററിലും ലോക്കറ്റ് പരിശോധനയ്ക്ക് നല്‍കി. 916 തനി 22 കാരറ്റ് സ്വര്‍ണ്ണ മെന്ന് അവര്‍ വിലയിരുത്തി. തുടര്‍ന്ന് ദേവസ്വം ഓഫീസിലെത്തിയ പരാതിക്കാരന്‍ മാധ്യമങ്ങള്‍ മുന്‍പാകെ തനിക്ക് തെറ്റുപറ്റിയതായി ഏറ്റു പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം തനിക്ക് മാപ്പ് തരണമെന്നും ക്ഷമിക്കണമെന്നും അദേഹം പറഞ്ഞു.