ഭർത്താവിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഭാര്യയെ കാണാനില്ല, സതി അനുഷ്ഠിച്ചെന്ന് ബന്ധുക്കൾ: അന്വേഷണവുമായി പോലീസ്
ഛത്തീസ്ഗഢിൽ ഒരു സ്ത്രീ ഭർത്താവിന്റെ ചിതയിൽ ചാടി ‘സതി’ അനുഷ്ഠിച്ചെന്ന് ബന്ധുക്കൾ. ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. റായ്പൂരിൽ നിന്ന് 250 കിലോമീറ്റർ അകലെയും ഒഡീഷ അതിർത്തിയോട് ചേർന്നുമുള്ള ചക്രധാർ നഗറിലെ ചിത്കാക്കനി ഗ്രാമത്തിലുള്ള ജയ്ദേവ് ദുപ്ത എന്നയാളുടെ ഭാര്യയാണ് സതി അനുഷ്ഠിച്ചത്.
ഗുലാപി ഗുപ്ത എന്ന അമ്പത്തഞ്ചുകാരിയെ ഭർത്താവിന്റെ സംസ്കാര ചടങ്ങുകൾക്കു ശേഷം കാണാതാകുകയായിരുന്നു. വരുടെ വസ്ത്രങ്ങളും പാദരക്ഷകളും ചിതയ്ക്ക് സമീപം കണ്ടെത്തിയതോടെയാണ് സതി അനുഷ്ഠിച്ചെന്ന സംശയം ബന്ധുക്കൾ ഉയർത്തുന്നത്.
ഞായറാഴ്ചയാണ് ഗുലാപിയുടെ ഭർത്താവ് കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ മരിച്ചത്. ഗുപ്തയെ സംസ്‌കരിക്കുമ്പോൾ ഗുലാപി മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിലുണ്ടായിരുന്നു. രാത്രി 11 മണിയോടെ വീട്ടിനകത്ത് നിന്നും പുറത്തിറങ്ങി. എന്നാൽ, പിന്നെ വീടിനകത്തെത്തുകയോ കാണുകയോ ചെയ്തിട്ടില്ലെന്ന് മകൻ സുശീൽ പറയുന്നു.
“ഞങ്ങൾ അമ്മയെ തിരയാൻ തുടങ്ങി, പക്ഷേ എവിടെയും കണ്ടില്ല. ശ്മശാനസ്ഥലത്ത് ചിതയുടെ അരികിൽ നിലത്ത് കിടക്കുന്ന സാരിയും ചെരിപ്പും കണ്ണടയുമാണ് പിന്നെ കണ്ടത്. തനിക്ക് മുമ്പ് അച്ഛൻ മരിച്ചാൽ കൂടെ പോകണമെന്ന് അമ്മ പലപ്പോഴും പറയുമായിരുന്നു എന്നും സുശീൽ പറഞ്ഞു. അവരുടെ വീട്ടിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് ശ്മശാനം.
അമ്മ സതി അനുഷ്ഠിച്ചു എന്നാണ് മകന്റെ വാദം. എന്നാൽ, പൊലീസ് അത് കണക്കിലെടുത്തിട്ടില്ല. ഗുലാപിയെ ആരും ചിതയുടെ സമീപത്ത് കണ്ടിരുന്നില്ല എന്നും പൊലീസ് പറയുന്നു. സംഭവം അന്വേഷിക്കുകയാണ് എന്ന് റായ്ഗഡ് എസ്പി ദിവ്യാങ് പട്ടേൽ പറഞ്ഞു.
പതിറ്റാണ്ടുകളായി ഛത്തീസ്ഗഡിൽ ഇത്തരമൊരു കേസ് കണ്ടിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ സംഭവത്തോട് പ്രതികരിച്ചത്. ഇവിടെ ഗുപാലി ഗുപ്തയുടെ ഭർത്താവിനെ സംസ്കരിച്ച ചിതയിൽ നിന്നും തെളിവുകൾ ശേഖരിക്കാനും വിശകലനം ചെയ്യാനും റായ്പൂരിൽ നിന്ന് ഫോറൻസിക് വിദഗ്ധരെ അയച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.