മണ്ണിനടിയില്‍ പെട്ട ലോറി റഡാറില്‍ തെളിഞ്ഞു, ലോറിയുള്ളത് രണ്ട് മണ്‍കൂനകള്‍ക്കിടയില്‍: അര്ജുന് വേണ്ടി ഉള്ളുരുകി നാട്
ബെംഗളൂരു: കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടിയുള്ള തിരച്ചിലില്‍ നിര്‍ണായക വഴിത്തിരിവ്. റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ അര്ജുന് ഓടിച്ച ലോറിയുടെ ലൊക്കേഷന്‍ കണ്ടെത്തി. മണ്‍കൂനകള്‍ക്കിടയിലാണ് ലോറിയുള്ളത്. ലോറി ലൊക്കേറ്റ് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കും. കാലാവസ്ഥ അനുകൂലമായതിനാല്‍ ഉടന്‍ തന്നെ അര്‍ജുനെ കണ്ടെത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ചൊവാഴ്ച മുതലാണ് അര്‍ജുനെ കാണാതായത്. അര്ജുന് അവസാനമായി സംസാരിച്ചത് മണ്ണിടിച്ചിലുണ്ടായ പ്രദേശത്തുനിന്നാണ്. ഈ പ്രദേശത്തു നിന്നാണ് ലോറിയുടെ ജിപിഎസ് സിഗ്നല്‍ ലഭിച്ചതും. മണ്ണ് ഇടിഞ്ഞുവീഴുമ്പോള്‍ ഇവിടെ 3 ടാങ്കറുകളും ഒരു ലോറിയും ഒരു കാറും നിര്‍ത്തിയിട്ടിരുന്നതായാണു വിവരം. അര്‍ജുനും മറ്റു 2 പേരും മണ്ണിനടിയിലുണ്ടെന്നാണു നിഗമനം. വയോധികയെ കാണാതായിട്ടുണ്ട്. അപകടസമയത്ത് അര്ജുന് ലോറിയില്‍ ഉണ്ടായിരുന്നോ അതോ ഇവിടത്തെ ചായക്കടയിലായിരുന്നോ എന്നതു വ്യക്തമല്ല.