അര്‍ജുനായുള്ള കാത്തിരിപ്പ് 5-ാം ദിവസത്തിലേക്ക്, റഡാര്‍ ഉപയോഗിച്ച് മണ്ണിനടിയിലായ ലോറി കണ്ടെത്താന്‍ ശ്രമം


ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് രാവിലെ 5.30ന് പുനഃരാരംഭിച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിക്ക് തെരച്ചില്‍ നിര്‍ത്തി വയ്ക്കുകയാണെന്ന് ജില്ലാ കളക്ടര്‍ അറിയിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി രക്ഷാപ്രവര്‍ത്തനം നടത്താന്‍ വലിയ ലൈറ്റുകള്‍ അടക്കം കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചും തെരച്ചില്‍ അല്‍പസമയം കൂടി തുടരുകയും ചെയ്തു. എന്നാല്‍ മേഖലയില്‍ മഴ അതിശക്തമായ മഴ പെയ്യുന്നതിനാല്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ തെരച്ചില്‍ നിര്‍ത്തി വെയ്ക്കുകയാണെന്നും കളക്ടര്‍ അറിയിക്കുകയായിരുന്നു.

നാവികസേന, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, പൊലീസ്, അഗ്‌നിശമനസേന സംഘങ്ങള്‍ ചേര്‍ന്നാണ് രക്ഷാദൗത്യം നടത്തുന്നത്. കോഴിക്കോട്ടെ വീട്ടില്‍ അര്‍ജുന് വേണ്ടി കണ്ണീരോടെ, അതിലേറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബം. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടണമെന്ന് അര്‍ജുന്റെ ഭാര്യാസഹോദരന്‍ ജിതിന്‍ ആവശ്യപ്പെട്ടിരുന്നു.