യുവതി കൊന്നത് റൂംമേറ്റിന്റെ ആണ്‍സുഹൃത്ത്: നടുക്കുന്ന ദൃശ്യങ്ങള്‍


ബെംഗളൂരു: കോറമംഗലയിലെ പി.ജി. താമസസ്ഥലത്ത് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി കസ്റ്റഡിയില്‍. ബിഹാർ സ്വദേശിനിയായ കൃതി കുമാരി(24)യെ കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ സുഹൃത്തിന്റെ കാമുകൻ അഭിഷേക് ആണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം നാട് വിട്ട അഭിഷേകിനെ മൂന്നുദിവസത്തിന് ശേഷമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

മധ്യപ്രദേശില്‍നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന. ബെംഗളൂരുവിലെത്തിച്ച്‌ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച രാത്രിയാണ് കോറമംഗല വി.ആർ. ലേഔട്ടിലെ പി.ജി.യില്‍ അതിദാരുണമായ കൊലപാതകം നടന്നത്.

read also: നദിയുടെ അടിയില്‍ ചെളിയില്‍ പുതഞ്ഞ ലോറി കണ്ടെത്തിയതായി സ്ഥിരീകരണം, ക്യാബിന്‍ ഭാഗികമായി തകര്‍ന്ന നിലയില്‍

പി.ജി.യില്‍ അതിക്രമിച്ചുകയറിയ പ്രതി യുവതിയെ മുറിയില്‍നിന്ന് വലിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. രാത്രി 11.14-ഓടെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ എത്തിയ യുവാവ് വാതില്‍ തുറന്നതിന് പിന്നാലെ യുവതിയെ ആക്രമിച്ചു. ആദ്യം മുറിക്കുള്ളില്‍വെച്ച്‌ യുവതിയെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും പിന്നാലെ വലിച്ചിഴച്ച്‌ മുറിയുടെ പുറത്തെത്തിച്ചു. ഇവിടെവെച്ചാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുകൊണ്ടുവന്ന കത്തി ഉപയോഗിച്ച്‌ യുവതിയുടെ കഴുത്തറത്തത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നിലവിളി കേട്ട് നാലാംനിലയില്‍നിന്ന് ഓടിയെത്തിയ പെണ്‍കുട്ടികള്‍ കണ്ടത് ചോരയില്‍കുളിച്ച്‌ തറയിലിരിക്കുന്ന കൃതി കുമാരിയെയായിരുന്നു. ഇവരാണ് മറ്റുള്ളവരെ വിവരമറിച്ചത്.