വയനാട്ടിലെ ഉരുൾപൊട്ടൽ: ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനാകുന്നില്ല, സൈന്യം എത്തണമെന്ന് ആവശ്യം
കൽപ്പറ്റ: ഉരുൾപൊട്ടിയ വയനാട് മുണ്ടക്കൈ ചൂരൽമലയിൽ രക്ഷാപ്രവർത്തനം ദുഷ്കരം. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയതോടെ രക്ഷാപ്രവർത്തകർക്ക് ദുരന്തഭൂമിയിലേക്ക് എത്തിപ്പെടാനാകുന്നില്ല. സൈന്യത്തിന്റെ സഹായം വേണമെന്നാണ് ഇപ്പോൾ ആവശ്യം ഉയരുന്നത്. നിരവധി ആളുകളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. മഴ ശക്തമായി തുടരുന്നതും ആശങ്ക ഉയർത്തുന്നു.
ചൂരൽ മല പാലം തകർന്നതോടെ മുണ്ടക്കൈ ഭാഗം ഒറ്റപ്പെട്ടു നിൽക്കുകയാണെന്ന് ടി സിദ്ദിഖ് എംഎൽഎ വ്യക്തമാക്കി. അവിടെ എത്തിയാലേ സാഹചര്യം മനസ്സിലാക്കാൻ സാധിക്കൂ. രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായവും താത്കാലിക പാലം ഉണ്ടാക്കുന്നതിനെക്കുറിച്ചും ഹെലികോപ്റ്റർ വഴി പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിനെക്കുറിച്ചും മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.
സംഭവസ്ഥലത്തേക്ക് എത്തിപ്പെടാൻ സാധിക്കാത്തത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിലവിൽ ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ ഒരു ടീം എൻ.ഡി.ആർ.എഫ് കൂടി അധികമായി ജില്ലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ രണ്ട് സംഘം വയനാടിലേക്ക് നീങ്ങുവാൻ നിർദേശിച്ചിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജീവൻ രക്ഷാസംഘങ്ങളും സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പലയിടത്തും റോഡും, പാലവും തകർന്നും, വെള്ളം കയറിയും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അതിനാൽ രക്ഷാപ്രവർത്തനത്തെ പ്രതികൂലമാക്കുകയാണ്.
പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. റോഡിൽ മരവും മണ്ണും വന്നടിഞ്ഞതിനാൽ സംഭവസ്ഥലത്തേക്ക് എത്തിച്ചേരൽ ദുഷ്കരമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ബുൾഡോസറെത്തിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.
വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ഉരുൾപൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുൾപൊട്ടിയതായാണ് റിപ്പോർട്ട്.