സംസ്ഥാനത്ത് വ്യാപകമഴ: ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം



തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ നിലവില്‍ ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ ജാഗ്രത തുടരണം.

Read Also: കാണാതായവര്‍ക്കായി തെരച്ചില്‍ ആറാം നാളിലേക്ക്; മൃതദേഹങ്ങള്‍ കണ്ടെത്താന്‍ റഡാര്‍ പരിശോധന

കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ ജാഗ്രത പാലിക്കണം. ജലാശയങ്ങളില്‍ ഇറങ്ങരുത്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. കള്ളകടല്‍ മുന്നറിയിപ്പുണ്ട്.

മധ്യകേരളം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെയായി ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ പാത്തിയും സജീവമാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. നാളെ കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്.