ഇറാന് വേണ്ടി ട്രംപിനെ വധിക്കാന്‍ വാടക കൊലയാളിയെ ഏര്‍പ്പാടാക്കി പാക് പൗരന്‍


ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന് വേണ്ടി രഹസ്യമായി വിവരം നല്‍കിയ പാക് പൗരന്‍ കൂടുതല്‍ അമേരിക്കന്‍ നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്. 46-കാരനായ ആസിഫ് മെര്‍ച്ചന്റാണ് ട്രംപിനെ വധിക്കാന്‍ ശ്രമം നടത്തുന്നതിന് തലേന്ന് അറസ്റ്റിലായത്. ഇയാള്‍ ഉന്നത നേതാക്കളെ വധിക്കാനായി 5,000 ഡോളറിന് ന്യൂയോര്‍ക്കില്‍ വാടക കൊലയാളിയെ ഏര്‍പ്പാടാക്കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഇറാനില്‍ കുറച്ചുകാലം താമസിച്ചതിന് പിന്നാലെ പാകിസ്താനിലേക്ക് ആസിഫ് മടങ്ങിയിരുന്നുവെന്നും തുടര്‍ന്നാണ് ന്യൂയോര്‍ക്കിലെത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊലപതാകത്തിനായി സഹായം ആവശ്യപ്പെട്ടാണ് ഇയാള്‍ ഇറാനിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ വിപുലമായ പദ്ധതിയിട്ടു. ഇറാന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ ഇയാള്‍ നിരന്തരം യാത്ര ചെയ്തിരുന്നു. ഒരു രാഷ്ട്രീയ വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് അവിടെ നടത്തിയത്. പേരെടുത്ത് പറയുന്നില്ലെങ്കിലും ട്രംപിലേക്കാണ് ഗൂഢാലോചന വിരല്‍ചൂണ്ടുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന രഹസ്യ റിപ്പോര്‍ട്ടിന് പിന്നാലെ ട്രംപിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. അടുത്തിടെ നടന്ന റാലിയില്‍ ട്രംപിനെതിരെ വെടിവയ്പ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചെവിയില്‍ നിന്ന് രക്തം വരുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.