സോഷ്യല്‍മീഡിയലൂടെയുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം:യൂട്യൂബര്‍മാര്‍ക്ക് തിരിച്ചടി


ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ – അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്രം. 1995-ലെ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് നിയമത്തിന് പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ് സര്‍വീസസ് (റെഗുലേഷന്‍) ബില്ല് അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

യൂട്യൂബ്, ഫെയ്സ്ബുക്ക്, എക്സ്, ഇന്‍സ്റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും വാര്‍ത്ത, സമകാലിക സംഭവങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കുന്നവര്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, വൈബ്സൈറ്റുകള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് നീക്കം. കണ്ടന്റ് നിര്‍മാതാക്കളെ ‘ഡിജിറ്റല്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ‘ എന്നാണ് കരട് ബില്ലില്‍ നിര്‍വചിക്കുന്നത്.

നിര്‍മിക്കുന്ന വീഡിയോകളും വാര്‍ത്തകളും കേന്ദ്രം നിയമിക്കുന്ന സമിതിയുടെ അനുമതിയില്ലാതെ പ്രക്ഷേപണം ചെയ്യാനാകില്ല. ഇതിനായി ത്രിതല സംവിധാനം രൂപീകരിക്കും. പിന്തുടരുന്നവരുടെ എണ്ണം നിശ്ചിത പരിധിയില്‍ കവിഞ്ഞാല്‍ കണ്ടന്റ് നിര്‍മാതാക്കള്‍ ഒരു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രോഗ്രാം കോഡും പരസ്യ കോഡും പാലിക്കണം.