ഉരുള്‍പൊട്ടലിന്റെ ഭീകരത കണ്ട് പ്രധാനമന്ത്രി: കുട്ടികളുടെ കാര്യത്തില്‍ ആശങ്ക,ആദ്യമെത്തിയത് വെള്ളാര്‍മല സ്‌കൂളില്‍


കല്‍പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നടന്ന ദുരന്തമേഖലയില്‍ നേരിട്ട് സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തിന്റെ ഭീകരത നേരിട്ട് കണ്ട മോദി ആദ്യം പോയത് വെള്ളാര്‍മല സ്‌കൂളിലേക്കാണ്. സ്‌കൂള്‍ റോഡിന്റെ ഭാഗത്തെത്തിയ പ്രധാനമന്ത്രി ദുരിതബാധിതരായ കുട്ടികളെക്കുറിച്ചു ചോദിച്ചറിഞ്ഞു. ദുരിത മേഖല നടന്നു കണ്ട പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് സ്‌കൂള്‍ കാണണമെന്നായിരുന്നു. സ്‌കൂളിന്റെ പരിസരത്തെ തകര്‍ന്ന വീടുകളും മോദി കണ്ടു.

കുട്ടികള്‍ക്കുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും അനാഥരായ കുട്ടികളെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കുട്ടികളെ ഇനി എവിടെ പഠിപ്പിക്കുമെന്നും മോദി ചോദിച്ചു. എത്ര കുട്ടികള്‍ ദുരന്തത്തിന്റെ ഭാഗമായി എന്നും എത്ര പേര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചുവെന്നും മോദി ചോദിച്ചു മനസ്സിലാക്കി. എഡിജിപി എംആര്‍ അജിത്കുമാറാണ് പ്രധാനമന്ത്രിക്ക് ദുരിതമേഖലയിലെ സാഹചര്യം വിശദീകരിച്ചു നല്‍കിയത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിയും മോദിക്കൊപ്പമുണ്ടായിരുന്നു.

ബെയിലി പാലം സന്ദര്‍ശിച്ച മോദി സൈനികരുമായി കൂടിക്കാഴ്ച നടത്തി. ബെയിലി പാലത്തിലൂടെ നടന്ന് കണ്ട മോദി സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞു. ഏറെ ദൂരം നടന്നാണ് മോദി ദുരന്തഭൂമിയിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയത്. രക്ഷാപ്രവര്‍ത്തകരോടും മോദി സംസാരിച്ചു.