കാലുകള്‍ ബൈക്കില്‍ കെട്ടി യുവതിയെ ഗ്രാമത്തിലൂടെ വലിച്ചിഴച്ച് ഭര്‍ത്താവ്, അറസ്റ്റ്


ജയ്പുർ: യുവതിയോട് ഭർത്താവിന്റെ ക്രൂരത. യുവതിയെ മർദിക്കുകയും കാലുകള്‍ ബൈക്കില്‍ കെട്ടി ഗ്രാമത്തിലൂടെ വലിച്ചിഴക്കുകയും ചെയ്ത് ഭർത്താവ്. രാജസ്ഥാനിലെ നഗൗർ ജില്ലയിലാണ് സംഭവം.

32-കാരനായ പ്രേംരാം മെഘ്വാളാണ് അറസ്റ്റിലായത്. രണ്ടുകാലുകളും കൂട്ടിക്കെട്ടി ഇയാള്‍ ഭാര്യയെ ബൈക്കിന്റെ പിന്നില്‍ കെട്ടിയിട്ട് കല്ലുംമുള്ളും നിറഞ്ഞ വഴികളിലൂടെ വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പ്രേംരാമിനെ പോലീസ് അറസ്റ്റ് ചെയ്തത്.

read also: ജനപ്രിയ ഗായിക ഹനിയ അസ്‌ലം അന്തരിച്ചു

നഹർസിംഘപുരയില്‍ ഒരു മാസം മുമ്പാണ് സംഭവം നടന്നതെന്ന് പഞ്ചൗടി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ സുരേന്ദ്ര കുമാർ പ്രതികരിച്ചു. സഹോദരിയുടെ വീട്ടില്‍ പോകുന്നതിനെക്കുറിച്ച് പറഞ്ഞതിന് പിന്നാലെയാണ് മെഘ്വാള്‍ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

മദ്യപാനിയായ മെഘ്വാള്‍ ഭാര്യയെ നിരന്തരം അക്രമിക്കാറുണ്ടായിരുന്നെന്നു അയല്‍വാസികളും പറഞ്ഞു. ഗ്രാമത്തിലെ മറ്റുള്ളവരുമായി ഭാര്യ സംസാരിക്കുന്നതും ഇടപെടുന്നതും ഇയാൾ തടഞ്ഞിരുന്നു. ക്രൂരമായ പീഡനത്തിനിരയായ യുവതി ഇപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്ന് പോലീസ് അറിയിച്ചു.