എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ഓടുന്ന കാറിലിട്ട് പീഡിപ്പിച്ചു, അര്‍ധനഗ്‌നയായ നിലയില്‍ ഹൈവേയില്‍ തള്ളി
ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ഓടുന്ന കാറിലിട്ട് ബലാത്സംഗംചെയ്തതായി പരാതി. ആഗ്രയിലെ എന്‍ജിനീയറിങ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനിയെയാണ് സീനിയര്‍ വിദ്യാര്‍ഥി കാറിലിട്ട് ബലാത്സംഗം ചെയ്തത്.
പീഡനത്തിന് ശേഷം വിദ്യാര്‍ഥിനിയെ ആഗ്ര-ഡല്‍ഹി ഹൈവേയില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
ശനിയാഴ്ച രാത്രിയാണ് കോളേജിലെ പൂര്‍വവിദ്യാര്‍ഥിയും പെണ്‍കുട്ടിയുടെ സീനിയറുമായിരുന്ന യുവാവ് അതിക്രമം കാട്ടിയത്. കാറിലേക്ക് വലിച്ചുതള്ളിയിട്ടശേഷം കൈകള്‍ കെട്ടിയിട്ടെന്നും പിന്നാലെ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതിനുശേഷം അര്‍ധനഗ്‌നയായ നിലയിലാണ് തന്നെ റോഡരികില്‍ ഉപേക്ഷിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
പ്രതിയായ യുവാവ് പെണ്‍കുട്ടിയുടെ സീനിയറായി എന്‍ജിനീയറിങ് കോളേജില്‍ പഠിച്ചിരുന്നു. കോളേജില്‍ പഠിക്കുന്ന സമയത്ത് ഇയാള്‍ പതിവായി ശല്യംചെയ്തിരുന്നതായാണ് വിദ്യാര്‍ഥിനിയുടെ മൊഴി. ഇയാളുടെ പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ വിരോധത്തില്‍ തനിക്കെതിരേ ഇയാള്‍ വകുപ്പ് മേധാവിക്ക് വ്യാജ പരാതി നല്‍കിയിരുന്നതായും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.