സ്‌കൂളില്‍ വിതരണം ചെയ്ത ബിസ്‌കറ്റ് കഴിച്ച നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍


മഹാരാഷ്ട്ര: സ്കൂളില്‍ വിതരണം ചെയ്ത ബിസ്കറ്റ് കഴിച്ച കുട്ടികൾ ആശുപത്രിയിൽ. മനംപുരട്ടലും ഛർദ്ദിയും ഉണ്ടായതിനെ തുടർന്നാണ് 150-ലേറെ വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജി നഗറില്‍ (പഴയ ഔറംഗാബാദ്) ആണ് സംഭവം.

read also: ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ പാലാ സ്വദേശിയെ കാണാതായി

ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് കേകേത് ജാല്‍ഗണ്‍ ഗ്രാമത്തിലെ സ്കൂളിലെ കുട്ടികള്‍ക്ക് ബിസ്കറ്റ് കഴിച്ചതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ഉടൻ തന്നെ അധികൃതർ സ്കൂളിലെത്തുകയും കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഭൂരിഭാഗം കുട്ടികളുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

296 കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്. ഇവരില്‍ 257 വിദ്യാർഥികള്‍ക്കാണ് ബിസ്കറ്റ് കഴിച്ചതിനെ തുടർന്ന് അസ്വസ്ഥത ഉണ്ടായത്. ഏഴ് കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി ഛത്രപതി സാംഭാജി നഗർ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.