ഡോക്ടറെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം,മമതാ ബാനര്‍ജി എന്തോ മറച്ചുവെയ്ക്കുന്നു:ദേശീയ വനിത കമ്മീഷന്‍


ന്യൂഡല്‍ഹി: ഓഗസ്റ്റ് 9 നാണ് കൊല്‍ക്കത്തയില്‍ വനിതാ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം നടക്കുന്നത്. രാജ്യത്തെ നടുക്കിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതിന്റെ പശ്ചാത്തലത്തിലാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ (എന്‍സിഡബ്ല്യു) മേധാവി രേഖ ശര്‍മ്മ ശനിയാഴ്ച രംഗത്തെത്തിയത്. മമത ബാനര്‍ജി എന്തോ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നതായി രേഖ ശര്‍മ്മ അവകാശപ്പെട്ടു.

‘ഇത് ഒരു വ്യക്തിയുടെ പ്രവര്‍ത്തനമാണെന്ന് തോന്നുന്നില്ല, അതില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെടുന്നു. അവരെ മമതാ ബാനര്‍ജി രക്ഷിക്കാന്‍ ആഗ്രഹിക്കുന്നു.’ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ഇപ്പോള്‍ കേസ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) കീഴിലാണ്, പൂര്‍ണ്ണമായ അന്വേഷണത്തിന് ശേഷം എന്താണ് മറയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാകും,’ അവര്‍ കൂട്ടിച്ചേര്‍ത്തു.