ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് ആശുപത്രിയിലെ മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ച് സൂചനകള്‍ ലഭിച്ചിരുന്നു


കൊല്‍ക്കത്ത: ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ വനിത ഡോക്ടര്‍ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അതീവ ഗുരുതരമായ വെളിപ്പെടുത്തലുമായി ഡോക്ടറുടെ സഹപ്രവര്‍ത്തകര്‍. ‘കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ച് സൂചനകള്‍ ഉണ്ടായിരുന്നു. ഇത് മുമ്പ് പലതവണ ഇത് മാനേജ്‌മെന്റിന് മുമ്പാകെ ഉന്നയിച്ചിരുന്നു. ഇതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്’, സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

‘കേസില്‍ അറസ്റ്റിലായ സഞ്ജയ് റോയ് റാക്കറ്റിലെ ചെറിയ കണ്ണിമാത്രമാണ്. അല്ലെങ്കില്‍ അയാള്‍ ബലിയാടാക്കപ്പെട്ടതാകാം. യഥാര്‍ത്ഥ പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ഇത് ബലാത്സംഗ കൊലപാതകമായി എഴുതി തള്ളേണ്ട കേസല്ല. അവളെ ഇതിന് മുമ്പ് തന്നെ ടാര്‍ഗറ്റ് ചെയ്തിരുന്നു. ആ സമയം അവള്‍ സെമിനാര്‍ ഹാളില്‍ തനിച്ചാണെന്ന് സഞ്ജയ് റോയ് എങ്ങനെ അറിഞ്ഞു? വലിയ ഗൂഢാലോചനയാണ് നടന്നത്, സഹപ്രവര്‍ത്തകരിലൊരാള്‍ ചൂണ്ടിക്കാട്ടി.