‘സിദ്ദിഖ് എടുത്ത തീരുമാനം; ലാലേട്ടനെ വിളിച്ച് അറിയിച്ചു’- രാജിയില്‍ പ്രതികരിച്ച് അമ്മ വൈസ്.പ്രസിഡന്‍റ് ജയൻ ചേര്‍ത്തല


കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ പ്രതികരിച്ച് അമ്മ വൈസ് പ്രസിഡന്‍റ് ജയന്‍ ചേര്‍ത്തല. ഇത്തരം ഒരു ആരോപണം വന്നാല്‍ ഒരു സംഘടനയുടെ നേതൃസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് ജയന്‍ ചേര്‍ത്തല പറഞ്ഞു. അതാണ് സംഘടനയുടെയും എന്‍റെയും വ്യക്തിപരമായ അഭിപ്രായം.

സിദ്ദിഖിന്‍റെ ഔചിത്യം വച്ചാണ് അദ്ദേഹം രാജി വച്ചതെന്നും ജയന്‍ ചേര്‍ത്തല കൂട്ടിച്ചേർത്തു.ഈ ആരോപണത്തില്‍ അന്വേഷണവും നിയമ നടപടികളും സിദ്ദിഖ് നേരിടുകയാണ് വേണ്ടതെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു. അന്വേഷണത്തിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം. ഇതിന്‍റെ ബാക്കി സംഘടന തീരുമാനങ്ങള്‍ ഇപ്പോള്‍ എടുത്തിട്ടില്ല.

സിദ്ദിഖ് തന്നെയാണ് രാജിക്കാര്യം അമ്മ ഭാരവാഹികളെ അറിയിച്ചത്. ഇത്തരം ഒരു ക്രിമിനല്‍ ആരോപണത്തെക്കുറിച്ച് മുന്‍പ് അമ്മ തെരഞ്ഞെടുപ്പ് സമയത്ത് തന്‍റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഈ ആരോപണം വളരെ വ്യക്തമായി പുറത്തുവന്നിരിക്കുകയാണ്.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്‍റെ കാര്യത്തിന്‍റെ അദ്ദേഹത്തിന്‍റെ സ്ഥാനത്ത് ഞാനാണെങ്കില്‍ ഇന്നലെ തന്നെ രാജിവയ്ക്കുമായിരുന്നുവെന്നും ജയന്‍ ചേര്‍ത്തല പ്രതികരിച്ചു.