മുംബൈ: മഹാരാഷ്ട്രയിലെ ബദൽപൂരിൽ നഴ്സറി വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയുടെ വീട് തകർത്ത് പ്രദേശവാസികൾ. പ്രതി അക്ഷയ് ഷിൻഡെയുടെ വീടാണ് പ്രദേശവാസികൾ ചേർന്ന് തകർത്തത്. ഒരു സംഘം നാട്ടുകാർ പ്രതിയുടെ വീട്ടിലേക്ക് ഇരച്ചെത്തുകയും വീട്ടിലെ ഉപകരണങ്ങൾ ഉൾപ്പെടെ എല്ലാം അടിച്ചുതകർക്കുകയുമായിരുന്നു. ലൈംഗികാതിക്രമ വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സംഭവം.
നേരത്തെ അക്ഷയ് ഷിൻഡെയുടെ കസ്റ്റഡി താനെ കോടതി ഓഗസ്റ്റ് 26വരെ നീട്ടിയിരുന്നു. ശക്തമായ സുരക്ഷ മുന്നൊരുക്കങ്ങളോടെയായിരുന്നു പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.സംഭവം നടന്ന സ്കൂളിലെ ശുചീകരണ ജീവനക്കാരനാണ് അറസ്റ്റിലാക്കപ്പെട്ട അക്ഷയ് ഷിൻഡെ. സ്കൂളിലെ ശുചിമുറിയിൽ വെച്ച് ഓഗസ്റ്റ് 17നാണ് പ്രതി നാല് വയസ് പ്രായമുള്ള രണ്ട് കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സ്കൂളിലെ ശുചിമുറിയിൽ വെച്ചായിരുന്നു സംഭവം.
സ്വകാര്യഭാഗങ്ങളിൽ വേദനയനുഭവപ്പെടുന്നുവെന്ന് പെൺകുട്ടികളിൽ ഒരാൾ അധ്യാപികയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപിക മാതാപിതാക്കളെ വിവരമറിയിക്കുകയും പിന്നാലെ നടത്തിയ പരിശോധനയിൽ ലൈംഗിക പീഡനം നടന്നതായി കണ്ടെത്തുകയുമായിരുന്നു. പിന്നീടാണ് മറ്റൊരു കുട്ടിയെ കൂടി പ്രതി ചൂഷണത്തിന് ഇരയാക്കിയതായി അറിഞ്ഞത്. സംഭവത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാർ സ്കൂളിൽ എത്തുകയും സ്കൂളിലെ ബെഞ്ചുകളും വാതിലുകളും തകർക്കുകയും ചെയ്തിരുന്നു. പിന്നാലെ പ്രതിഷേധം അക്രമാസക്തമായി.
പ്രദേശത്തെ ഇന്റർനെറ്റ് സേവനവും റദ്ദാക്കിയിരുന്നു.സംഭവത്തിൽ പോക്‌സോ നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസ് വേഗത്തിലാക്കാനും ബലാത്സംഗശ്രമം ഉൾപ്പെടുത്താനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നിർദേശം നൽകി. അന്വേഷണം കാര്യക്ഷമമാക്കാൻ ആരതി സിങിൻ്റെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു.