വേട്ടക്കാരെ പാർട്ടി സംരക്ഷിക്കരുത്, മുകേഷ് രാജിവെക്കണം: അല്ലെങ്കിൽ എകെജി സെന്ററിന് മുന്നിൽ പ്രതിഷേധിക്കും: കെ അജിത
കോഴിക്കോട്: ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്ത നടനും എംഎല്‍എയുമായ എം മുകേഷ് രാജിവെക്കണമെന്ന് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ കെ അജിത. രണ്ട് ദിവസത്തിനുള്ളില്‍ രാജിവെച്ചില്ലെങ്കില്‍ എകെജി സെന്ററിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് അജിത പറഞ്ഞു. സര്‍ക്കാര്‍ ഇതുവരെ ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കുന്നതാണ് മുകേഷിനെ സംരക്ഷിക്കുന്ന നിലപാടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അവര്‍ വിമര്‍ശിച്ചു.’ആരോപണം നേരിടുന്നവര്‍ പുറത്ത് പോകണം. ആരോപണമുയര്‍ന്നാല്‍ പൊതുപ്രവര്‍ത്തകര്‍ സ്ഥാനങ്ങളില്‍ നിന്നും പുറത്തുപോകുന്ന കീഴ്‌വഴക്കമുണ്ടായിരുന്നു. ഇപ്പോള്‍ അത് തെളിഞ്ഞാല്‍ പുറത്തുപോകാമെന്നായി. അത് മാറ്റണം,’ അജിത പറഞ്ഞു.മറ്റുപാര്‍ട്ടിക്കാര്‍ സ്ഥാനത്ത് തുടര്‍ന്നല്ലോയെന്ന ന്യായീകരണം ഇടതു സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
അത്തരം നിലപാടുകള്‍ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയത്തിനെതിരാണെന്നും ഇടതുപക്ഷത്ത് നിന്ന് വ്യത്യസ്തമായ ധാര്‍മികത പ്രതീക്ഷിക്കുന്നവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അജിത പറയുന്നു. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് സ്ത്രീപക്ഷ കൂട്ടായ്മ സിപിഎമ്മിന്റെയും സിപിഐയുടെയും ദേശീയ നേതാക്കള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും അജിത കൂട്ടിച്ചേര്‍ത്തു.അതേസമയം സിപിഐഎം സംസ്ഥാന സമിതി ഇന്നു ചേരുന്നുണ്ടെങ്കിലും അജണ്ടയില്‍ മുകേഷിന്റെ രാജി വിഷയമില്ല.
എന്നാല്‍ പൊതു രാഷ്ട്രീയ സ്ഥിതി അവലോകനത്തിന്റെ ഭാഗമായി രാജി സമ്മര്‍ദം ചര്‍ച്ചയ്ക്ക് വരാനിടയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സിനിമാ നയ രൂപീകരണസമിതി പുനസംഘടനയുടെ തീരുമാനങ്ങളും യോഗത്തില്‍ ഉണ്ടാകാനിടയുണ്ട്. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം കേള്‍ക്കണമെന്നാണ് ഇന്നലത്തെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയുണ്ടായിരുന്നു. ആരോപണങ്ങളെ മുന്‍നിര്‍ത്തി മുകേഷ് രാജിവെക്കേണ്ടെന്നായിരുന്നു സിപിഐഎമ്മിന്റെ നിലപാട്.