രഞ്ജിത്തുമായുള്ള കൂടിക്കാഴ്ചയില്‍ മദ്യം വാഗ്ദാനം ചെയ്തു, എന്നാല്‍ താന്‍ അയാളില്‍ നിന്നും സിഗരറ്റ് വാങ്ങി: ബംഗാളി നടി
കൊല്‍ക്കത്ത: രഞ്ജിത്തിനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു ബംഗാളി നടി.തന്നെ സിനിമയിലേക്ക് തെരഞ്ഞെടുത്തതായി അറിയിച്ചതിന്റ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ എത്തിയതെന്നും, കൊച്ചിയില്‍ വച്ചു കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടന്നതെന്നും നടി സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു .രഞ്ജിത്തിന്റെ കയ്യില്‍ നിന്നും സിഗരറ്റ് വാങ്ങിയത് രഞ്ജിത്ത് മറ്റൊരു അര്‍ത്ഥത്തില്‍ കണ്ടതാകാമെന്നും, കൂടിക്കാഴ്ചയില്‍ തനിക്ക് മദ്യം വാഗ്ദാനം ചെയ്തെങ്കിലും നിഷേധിച്ചു എന്നും നടി വ്യക്തമാക്കി.
താനാണ് മലയാളം സിനിമയില്‍ പ്രമുഖര്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ ആരംഭിച്ചതെന്നും, താന്‍ തന്നോട് സത്യസന്ധത പുലര്‍ത്തുന്നു എന്ന് ഉറച്ചു പറയാന്‍ ആകുമെന്നും നടി പറഞ്ഞു. മലയാള സിനിമയിലെ കാര്യങ്ങള്‍ പുറത്ത് വന്നു, അത് ബംഗാളി സിനിമയിലും സംഭവിക്കണമെന്നും തന്റെ ജന്മ ദിനത്തോട് അനുബന്ധിച്ചുള്ള യൂട്യൂബ് ലൈവില്‍ നടി പറഞ്ഞു.
താന്‍ ഛായാഗ്രാഹകനുമായി ഫോണില്‍ സംസാരിക്കവേ രഞ്ജിത്ത് തന്റെ വളകളില്‍ സ്പര്‍ശിച്ചെന്ന് നടി ആവര്‍ത്തിച്ചു. താന്‍ തടയാതിരുന്നപ്പോള്‍ മുടിയിലും കഴുത്തിലും സ്പര്‍ശിച്ചു. അവിടെ നിന്ന് സിനിമ വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. തനിക്ക് തിരികെ ടിക്കറ്റ് എടുക്കാന്‍ 23000 രൂപ ആയി. നമ്മള് ജീവിക്കുന്നത് ഒരു സ്ത്രീ വിരുദ്ധ സമൂഹത്തിലാണെന്നും നടി കൂട്ടിച്ചേര്‍ത്തു. നടിയുടെ ആരോപണത്തെ തുടര്‍ന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവച്ചിരുന്നു.