‘അറസ്റ്റിലായെന്നത് അടിസ്ഥാന രഹിതമായ പ്രസ്താവന’: സുചിത്രയ്ക്കെതിരെ മാനനഷ്ടക്കേസുമായി നടി റിമ കല്ലിങ്കല്‍


തനിക്ക് എതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച ഗായിക സുചിത്രയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുത്ത് നടി റിമ കല്ലിങ്കല്‍. നടി ലഹരി പാർട്ടി നടത്തുന്നുണ്ടെന്നും അറസ്റ്റിലായി എന്നുമായിരുന്നു സുചിത്രയുടെ ആരോപണം.

ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നും പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ പരാതി സമർപ്പിക്കുകയും മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തതായി റിമ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം വ്യക്തമാക്കിയത്.

read also:യുവതിയുടെ ആദ്യ പരാതിയില്‍ പീഡനാരോപണമില്ല: നിവിന്‍ പോളി കേസിൽ പ്രാഥമിക അന്വേഷണത്തില്‍ തന്നെ പൊരുത്തക്കേടുകള്‍
റിമ പങ്കുവച്ച കുറിപ്പ്

നിങ്ങളില്‍ ഒരുപാട് പേര്‍ ഡബ്ല്യൂസിസിയ്ക്ക് പിന്തുണയുമായി വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്നു. ഈ പിന്തുണയും വിശ്വസവുമാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലുമായി നടത്തിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 30 മിനിറ്റ് വരുന്ന അഭിമുഖത്തില്‍ 2017ലെ ലൈംഗികാതിക്രമത്തിലെ അതിജീവിതയുടെ പേര് പറയുകയും അവരെ പരിഹസിക്കുകയും ചെയ്യുന്നു. മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ചേര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ ഫഹദ് ഫാസില്‍ പോലുള്ള നടന്‍മാരുടെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന്. ഹേമാ കമ്മിറ്റി എങ്ങിനെയുണ്ടായെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. അങ്ങനെയല്ല എന്ന് പറയുമ്ബോള്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരും.

ഇവരുടെ വെളിപ്പെടുത്തലുകള്‍ മുഖ്യധാരാ മാധ്യമങ്ങളുടെ വാർത്തകളില്‍ ഇടം നേടിയില്ല. എങ്കിലും എന്റെ ‘അറസ്റ്റി’നെക്കുറിച്ച്‌ അവർ ഒരു വാർത്ത വായിച്ചുവെന്ന അടിസ്ഥാനരഹിതമായ പ്രസ്താവന ശ്രദ്ധനേടി. ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് ഞാൻ വ്യക്തമാക്കട്ടെ. സംഭവത്തില്‍ ഞാൻ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ പരാതി സമർപ്പിക്കുകയും മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തു. ഞങ്ങളുടെ ലക്ഷ്യത്തില്‍ വിശ്വസിക്കുന്നവരോട്, നമുക്ക് ഒന്നിച്ച്‌ മുന്നോട്ട് നീങ്ങാം. പിന്തുണയ്ക്ക് നന്ദി.