പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞു,മാതാപിതാക്കള്‍ വഴക്കുപറയുമോ എന്ന് പേടിച്ച് വിദ്യാര്‍ഥികള്‍ നാടുവിട്ടു: ഒടുവില്‍ കണ്ടെത്തി


ന്യൂഡല്‍ഹി: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വീട്ടുകാര്‍ വഴക്കുപറയുമെന്ന് പേടിച്ച് നാടുവിട്ട കുട്ടികളെ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. പരീക്ഷയില്‍ ഗ്രേഡ് കുറഞ്ഞപ്പോള്‍ അധ്യാപകര്‍ രക്ഷിതാക്കളോട് സ്‌കൂളിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കുട്ടികള്‍ നാടുവിട്ടത്.

കുട്ടികളെ കണ്ടെത്താന്‍ ഏഴംഗ പൊലീസ് സംഘത്തെയാണ് തിരച്ചിലിനായി നിയോഗിച്ചത്. 500-ലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിന് ശേഷം ഡല്‍ഹിയില്‍ നിന്ന് കുട്ടികളെ കണ്ടെത്തി. സെക്ടര്‍ 56ലെ ഉത്തരാഖണ്ഡ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളായ ആര്യന്‍ ചൗരസ്യ, നിതിന്‍ ധ്യാന്‍ എന്നിവരാണ് നാടുവിട്ടത്.

 

 

ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞപ്പോള്‍ രക്ഷിതാക്കളെ കൊണ്ടുവരാന്‍ ഇവരോട് ക്ലാസ് ടീച്ചര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് കുട്ടികള്‍ നാടുവിട്ടതെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കള്‍ തങ്ങളെ ശകാരിക്കുമെന്ന് ഭയന്നാണ് ഇരുവരും സ്‌കൂളില്‍ നിന്ന് ഓടിപ്പോകാന്‍ പദ്ധതിയിട്ടതെന്നും പൊലീസ് വ്യക്തമാക്കി. സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടികള്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന്, ഏഴ് പോലീസ് സംഘങ്ങളെ രൂപീകരിച്ച് സ്‌കൂളിലെയും പരിസര പ്രദേശങ്ങളിലെയും 500 സിസിടിവി ക്യാമറകള്‍ പരിശോധിച്ചു.

സ്‌കൂള്‍ ഗേറ്റിലും സെക്ടര്‍ 25ലെ മോദി മാളിന് സമീപവും സ്ഥാപിച്ച സിസിടിവി ക്യാമറകളിലാണ് വിദ്യാര്‍ഥികളെ കണ്ടത്. മാരത്തണ്‍ തിരിച്ചിലിനൊടുവില്‍ 40 കിലോമീറ്റര്‍ അകലെ ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ നിന്നാണ് ആണ്‍കുട്ടികളെ കണ്ടെത്തിയത്.