അഞ്ചാം ദിവസവും വെള്ളമില്ലാതെ വലഞ്ഞ് തലസ്ഥാന നഗരിയിലെ ജനങ്ങള്‍


തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ജനങ്ങള്‍ അഞ്ചാം ദിവസവും കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. നഗരത്തിന്റെ പലയിടങ്ങളിലും വെള്ളം എത്തിയിട്ടില്ല. ഇന്നലെ രാത്രിയില്‍ പമ്പിങ് ആരംഭിച്ചെങ്കിലും പലയിടങ്ങളിലും വെള്ളം കിട്ടുന്നില്ല. വാല്‍വില്‍ ലീക്ക് കണ്ടതിനെ തുടര്‍ന്നാണ് പമ്പിങ് നിര്‍ത്തിയത്. പൈപ്പിടല്‍ ജോലികളും പൂര്‍ത്തിയായിട്ടില്ല.

ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം ഇനിയും എത്തിയിട്ടില്ല. ആറ്റുകാല്‍ അയിരാണിമുട്ടം എന്നി സ്ഥലങ്ങളില്‍ വെള്ളമെത്തി പമ്പിങ് തുടങ്ങി. വട്ടിയൂര്‍ക്കാവ്, നെട്ടയം, മുടവുന്‍മുഗള്‍, പിടിപി നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അഞ്ചാം ദിവസവും വെള്ളം എത്താത്തത് ജനങ്ങളെ ദുരിത്തിലാക്കി.

തിരുവനന്തപുരം – കന്യാകുമാരി റെയില്‍വേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടര്‍ന്ന് നാല് ദിവസമായി നഗരത്തില്‍ കുടിവെള്ളം മുടങ്ങിയിരുന്നു. 44 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിര്‍ത്തിവച്ചിരുന്നത്. എന്നാല്‍ ഇതിന് കാര്യക്ഷമമായ ബദല്‍ സംവിധാനങ്ങള്‍ അധികൃതര്‍ ഒരുക്കിയിരുന്നില്ല. പൂര്‍ണമായും പമ്പിങ് തുടങ്ങുന്നത് വരെ ഈ പ്രദേങ്ങളില്‍ ടാങ്കറുകളില്‍ ജലവിതരണം തുടരുമെന്നായിരുന്നു നഗരസഭയുടെ അറിയിപ്പ്. എന്നാല്‍ പല പ്രദേശങ്ങളിലേക്കും ടാങ്കറുകള്‍ എത്തിയിട്ടില്ല.