ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്ക്കെതിരെ വിനേഷ് ഫോഗട്ട്. ‘പാരീസ് ഒളിമ്പിക്സിനിടെ ആശുപത്രിയിലായ തന്നെ കാണാന്‍ എത്തിയ പി ടി ഉഷ സമ്മതമില്ലാതെയാണ് ഫോട്ടോ എടുത്തത്. തനിക്ക് യാതൊരുവിധ സഹായവും ഇവര്‍ നല്‍കിയിരുന്നില്ല. സംഭവം രാഷ്ട്രീയവല്‍ക്കരിക്കാനാണ് ശ്രമിച്ചത്. ഒരു ഒളിമ്പിക് താരമായ പി.ടി ഉഷ, തന്റെ വേദന മനസിലാക്കേണ്ട വ്യക്തിയാണ് എന്നാല്‍ അതുണ്ടായില്ല’, വിനേഷ് ഫോഗട്ട് ആരോപിച്ചു. ആശുപത്രിയില്‍ വിനേഷിനൊപ്പം നില്‍ക്കുന്ന പിടി ഉഷയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.
‘എനിക്ക് എന്ത് പിന്തുണയാണ് അവിടെ ലഭിച്ചതെന്ന് എനിക്കറിയില്ല. പിടി ഉഷ മാഡം എന്നെ ആശുപത്രിയില്‍ വന്നുകണ്ടു. ഒരു ഫോട്ടോയും എടുത്തു. നിങ്ങള്‍ പറഞ്ഞത് പോലെ രാഷ്ട്രീയത്തില്‍ പലതും നടക്കുന്നത് അടഞ്ഞ വാതിലുകള്‍ക്ക് പിന്നിലാണ്. അതുപോലെ പാരീസിലും രാഷ്ട്രീയത്തിന്റെ കള്ളക്കളികള്‍ നടന്നു. പലരും എന്നോട് പറഞ്ഞു ഗുസ്തി നിര്‍ത്തരുത് എന്ന്. എന്നാല്‍ ഞാന്‍ എന്തിനുവേണ്ടി തുടരണം എല്ലായിടത്തും രാഷ്ട്രീയമുണ്ട്’, ആ സമയത്ത് എന്റെ ഹൃദയം തകര്‍ന്നുപോയിരുന്നു വിനേഷ് പറഞ്ഞു. എന്നാല്‍ വിനേഷ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാതെ 2028 ഒളിമ്പിക്‌സിനായി തയ്യാറെടുക്കുകയാണ് വേണ്ടിയിരുന്നതെന്ന്, അമ്മാവനും ആദ്യ കോച്ചുമായ മഹാവീര്‍ ഫോഗോട്ട് പ്രതികരിച്ചിരുന്നു.
ഒളിമ്പിക്‌സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായ വിനേഷ് ഫോഗട്ട് ഭാര പരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയതിന് പിന്നാലെയാണ് ഇനത്തില്‍ അയോഗ്യയാക്കിയത്. 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ അനുവദനീയമായ ഭാരം കൂടിയതായി കണ്ടെത്തിയതാണ് ഫോഗട്ടിന് സ്വര്‍ണ്ണ മെഡല്‍ നഷ്ടമാകാന്‍ കാരണമായത്. എന്നാല്‍ ഈ നടപടിക്കെതിരെ ഇന്ത്യ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.