മുംബൈ: ബോളിവുഡ് നടി മലൈക അറോറയുടെ അച്ഛന്‍ അനില്‍ അറോറയെ മരിച്ച നിലയില്‍ കണ്ടെത്തി. താമസ സ്ഥലത്തെ കെട്ടിടത്തില്‍ നിന്നും അനില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിനെ ഉദ്ദരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അനില്‍ അറോറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പഞ്ചാബ് സ്വദേശിയായ അനില്‍ അറോറ ഇന്ത്യന്‍ മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്നു. ജോയ്സ് പോളികാര്‍പ്പാണ് മലൈക്കയുടെ അമ്മ. ഇവര്‍ മലയാളിയാണ്. മഹാരാഷ്ട്രയിലെ താനെയില്‍ ആയിരുന്നു മലൈകയും സഹോദരി അമൃത അറോറയും ജനിച്ചത്. തനിക്ക് പതിനൊന്ന് വയസുള്ളപ്പോള്‍ മുതല്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നും എന്നാല്‍ ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെന്നും മുന്‍പൊരു അഭിമുഖത്തില്‍ മലൈക തുറന്നു പറഞ്ഞിരുന്നു.