മതപഠന കേന്ദ്രത്തിൽ യുവാവിന് ക്രൂര മർദ്ദനം, യുവാവിന്റെ ദേഹത്ത് ഇസ്തിരിപ്പെട്ടി വെച്ച് പൊള്ളിച്ചു, പോലീസിൽ പരാതി


തലശ്ശേരി: കണ്ണൂരിൽ മദ്രസ വിദ്യാർത്ഥിയ്ക്ക് ഉസ്താദിന്റെ ക്രൂരമർദ്ദനം. വിഴിഞ്ഞം സ്വദേശിയായ അജ്മൽഖാനാണ് ക്രൂരമർദ്ദനത്തിനിരയായത്. കണ്ണൂർ കൂത്തുപറമ്പിലെ മദ്രസയിലെ വിദ്യാർത്ഥിയാണ് യുവാവ് . ഉമയൂർ അഷറഫി എന്ന മദ്രസ അദ്ധ്യാപകനാണ് ശാരീരികമായി ആക്രമിച്ചത്. ഇയാൾ യുവാവിനെ ഇസ്തിരിപ്പെട്ടി ചൂടാക്കി ശരീരത്തിൽ പൊള്ളലേൽപ്പിച്ചെന്നും ശരീരമാസകലം ചൂരൽ കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും കണ്ണിലും മർമ്മ സ്ഥാനത്തും മുളക് അരച്ച് തേക്കുകയും ചെയ്തു എന്നുമാണ് പരാതി.

അജ്മൽ ഖാൻ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. ഉസ്താദ് നന്നായി മതപഠനം നടത്തുന്നില്ലെന്ന ആരോപണം ഉയർത്തിയതാണ് അജ്മൽ ഖാനെ ആക്രമിക്കാൻ കാരണമായത്. ഇക്കഴിഞ്ഞ ആറിനാണ് കേസിന് ആസ്പദമായ സംഭവം. ശരിയായ രീതിയിൽ മതപഠനം നടത്തുന്നില്ല എന്ന് യുവാവ് പുറത്തുള്ളവരോട് പറഞ്ഞു എന്ന് ആരോപിച്ചായിരുന്നു ഉസ്താദിന്റെ ആക്രമണം എന്നാണ് പരാതി.

സംഭവത്തിന് ശേഷം മാനസികമായി തകർന്ന അജ്മൽ പിന്നീട് വീട്ടുകാരോട് പോലും സംസാരിക്കാതെ ആയി. ഇതേ തുടർന്ന് വീട്ടുകാർ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തുടർപരിശോധനയിലാണ് ശരീരത്തിൽ പൊള്ളിയ പാടുകളടക്കമുള്ള സാരമായ മുറിവുകൾ കാണുന്നത്. വീട്ടുകാരുടെ പരാതിയിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു.