നിതിൻ ഗഡ്കരിക്ക് പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്ത് ഇന്ത്യ സഖ്യം, സമീപിച്ചത് മുതിർന്ന നേതാവെന്ന് വെളിപ്പെടുത്തൽ
മുംബൈ: 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രിപദം വാഗ്ദാനംചെയ്തുകൊണ്ട് പ്രതിപക്ഷസഖ്യത്തിലെ മുതിർന്ന നേതാവ് തന്നെ സമീപിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. താൻ ആ വാഗ്ദാനം നിരസിച്ചു. ഒരു പ്രത്യയശാസ്ത്രം പിന്തുടരുന്ന ആളാണ് താനെന്ന് അദ്ദേഹത്തോട് പറഞ്ഞതായും മന്ത്രി വ്യക്തമാക്കി.നാഗ്പുരിൽ മാധ്യമ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു പ്രത്യയശാസ്ത്രവും ചിന്താരീതിയും പിന്തുടരുന്ന വ്യക്തിയാണ് ഞാൻ. സ്വപ്നത്തിൽ പോലും വിചാരിക്കാത്തതെല്ലാം തന്ന പാർട്ടിയിലാണ് ഇപ്പോഴുള്ളത്. ഒരു വാഗ്ദാനത്തിനും തന്നെ പ്രലോഭിപ്പിക്കാനാവില്ല’, വാഗ്ദാനവുമായി തന്നെ സമീപിച്ച നേതാവിന് മറുപടി നൽകിയതായി ഗഡ്കരി പറഞ്ഞു.
അതേസമയം, പ്രതിപക്ഷത്ത് നിന്നും ആരാണ് തന്നെ സമീപിച്ചതെന്ന് ഗഡ്കരി വെളിപ്പെടുത്തിയില്ല. ഇതേ ബോധ്യത്തോടെ വേണം മാധ്യമപ്രവർത്തകർ ജോലി ചെയ്യാൻ. പ്രതിബദ്ധതയോടെയുള്ള പ്രവർത്തനം ഭാവി തലമുറകളിലേക്ക് പകർന്നുനൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.