ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയതിന് പിന്നില്‍ മന്ത്രവാദ ആരോപണം


റായ്പ്പൂര്‍: മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ മര്‍ദിച്ച് കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ ഒരു ഗ്രാമത്തില്‍ സെപ്തംബര്‍ 15 ഞായറാഴ്ച ആയിരുന്നു സംഭവം. ഛത്തീസ്ഗഢിലെ ഒരു പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെയാണ് കൊലപ്പെടുത്തിയത്. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ സുക്മ കോണ്ടയിലെ എത്കല്‍ ഏരിയയിലാണ് സംഭവം. അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗ്രാമത്തില്‍ നടന്ന ഏതാനും മരണങ്ങള്‍ക്ക് അവരുടെ മന്ത്രവാദം കാരണമാണെന്ന് ആരോപിച്ചാണ് ഒരു കൂട്ടം ഗ്രാമീണര്‍ അവരെ ആക്രമിച്ചത് . അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് പേരും അതേ ഗ്രാമത്തില്‍ നിന്നുള്ളവരാണ്.

ഇരകളെ ബാറ്റണുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചത് 15 ഓളം പേര്‍ വരുന്ന ജനക്കൂട്ടമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. സുക്മ പോലീസ് സൂപ്രണ്ട് കിരണ്‍ ചവാന്‍ ഇത് ശരിവെച്ചിട്ടുണ്ട്.മൗസം കണ്ണ (60), ഇയാളുടെ ഭാര്യ മൗസം ബിരി ), ഛത്തീസ്ഗഡ് പോലീസ് ഉദ്യോഗസ്ഥനായ ഇവരുടെ മകന്‍ മൗസം ബുച്ച (34), മൗസം ബുച്ചയുടെ ഭാര്യ മൗസം അര്‍ജോ (32),കര്‍ക്ക ലച്ചി (43) എന്ന മറ്റൊരു സ്ത്രീ എന്നിരാണ് കൊല്ലപ്പെട്ടത്. സംഭവം നടന്നയുടന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം നടത്തി.