രാജ്യം ഒരൊറ്റ പൊതുതെരഞ്ഞെടുപ്പിലേയ്ക്ക്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശിപാര്‍ശക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം
ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശിപാര്‍ശക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.
ബില്ല് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ഏറെ നിര്‍ണായകമായ തീരുമാനമാണ് ഇന്ന് കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ഉണ്ടായിരിക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. ഇതോടുകൂടി, 2026 ലേക്കാണ് രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പെന്ന ആശയം നടപ്പിലാക്കാന്‍ ബിജെപി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.
2021 ലാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന നിര്‍ദേശം ഉയരുന്നത്. അത് നിയമമന്ത്രി ഭൂപേന്ദ്ര യാദവിന്റെ അധ്യക്ഷതയിലുള്ള സമിതി പരിശോധിക്കുകയും തുടര്‍ന്ന് ഇക്കാര്യത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്ന കാര്യങ്ങള്‍കേട്ട് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് സമിതി കഴിഞ്ഞ മാര്‍ച്ചില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് സമര്‍പ്പിച്ചിരുന്നു. 18,626 പേജുകളുള്ളതാണ് ഈ റിപ്പോര്‍ട്ട്.
രാജ്യത്തെ 47 രാഷ്ട്രീയ പാര്‍ട്ടികളുമായി സമിതി ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. അതില്‍ എന്‍ഡിഎയുടെ സഖ്യകക്ഷികളടക്കമുള്ള 32 രാഷ്ട്രീയ പാര്‍ട്ടികള്‍ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തെ പിന്തുണയ്ക്കുകയും 15 പാര്‍ട്ടികള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു പൊതു വോട്ടര്‍ പട്ടികയും വോട്ടര്‍ ഐഡി കാര്‍ഡുകളും തയ്യാറാക്കാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.18 ഭരണഘടനാ ഭേദഗതികളും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. അവയില്‍ മിക്കതിനും സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ലെന്നതാണ് പ്രധാനം. എന്നാല്‍, പാര്‍ലമെന്റ് പാസാക്കേണ്ട ചില ഭരണഘടനാ ഭേദഗതി ബില്ലുകള്‍ ഇത് നടപ്പാക്കാന്‍ ആവശ്യമാണ്.