ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ, രാത്രി ഛര്‍ദിച്ച് ബോധരഹിതയായി; അധ്യാപിക മരിച്ചു


ചെന്നൈ: വാനഗരത്തിനടുത്തുള്ള നൂമ്പലിലെ റസ്റ്ററന്റില്‍നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നു ഭക്ഷ്യവിഷബാധയേറ്റ യുവതി മരിച്ചു. തിരുവീഥി അമ്മന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപിക ശ്വേത (22) ആണു മരിച്ചത്. ഒരാഴ്ച മുന്‍പ് സഹോദരനൊപ്പം പുറത്തുപോയപ്പോള്‍ ശ്വേത ഷവര്‍മ കഴിച്ചിരുന്നു. വീട്ടിലെത്തി മീന്‍കറിയും കഴിച്ചു.

രാത്രി ഛര്‍ദിക്കുകയും ബോധരഹിതയാവുകയും ചെയ്ത യുവതിയെ ഉടനെ പോരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടര്‍ന്നു ചൊവ്വാഴ്ച സ്റ്റാന്‍ലി ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണു മരണം. മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. പൊലീസ് കേസെടുത്തു.