പനാജി: വടക്കന്‍ ഗോവയിലെ കലന്‍ഗുട്ട് ബീച്ചില്‍ മദ്യപിച്ച് കടലില്‍ ഇറങ്ങിയ അഞ്ച് മലയാളി വിനോദ സഞ്ചാരികളെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. 25 നും 30 നും ഇടയില്‍ പ്രായമുള്ള ഇവര്‍ രാവിലെ 6.20 ഓടെയാണ് കടലില്‍ ഇറങ്ങിയത്. ബീച്ചിലുണ്ടായിരുന്ന ഒരു ലൈഫ് ഗാര്‍ഡ് ശുഭം കേലാസ്‌കര്‍, ഈ സംഘം കടലില്‍ ഇറങ്ങുന്നത് ശ്രദ്ധിക്കുകയും അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് അവര്‍ അവഗണിച്ചു. അപകടം മണത്ത ലൈഫ് ഗാര്‍ഡ് ലൈഫ്സേവര്‍ ടവറിലെ സഹപ്രവര്‍ത്തകരോട് സജ്ജരായിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി.
തുടര്‍ന്ന് ഈ വിനോദസഞ്ചാരികള്‍ കൂടുതല്‍ ആഴത്തിലേക്ക് നീങ്ങുകയും തീരത്ത് നിന്നും മുപ്പത് മീറ്റര്‍ അകലെ തിരയില്‍ അകപ്പെടുകയും ചെയ്തു. ഈഅപകടം കണ്ടതോടെ ബീച്ചില്‍ നിയോഗിക്കപ്പെട്ടിരുന്ന മറ്റു നാല് ലൈഫ് ഗാര്‍ഡുകള്‍ ഓടിയെത്തി അവരെ റെസ്‌ക്യൂ ട്യൂബുകളുടെ സഹായത്തോടെ കരയിലേക്ക് തിരികെ കൊണ്ടുവന്നു. തുടര്‍ന്ന് ഇവരെ ബീച്ചിലുണ്ടായിരുന്ന മറ്റു സുഹൃത്തുക്കളെ ഏല്‍പ്പിച്ചു.