മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി അബോധാവസ്ഥയിലാക്കി നഗ്നചിത്രങ്ങളെടുത്തു:24 കാരനെ കൊലപ്പെടുത്തി യുവതിയും സുഹൃത്തും


താനെ: ബന്ധുവിന്റെ വിവാഹത്തിടെ പരിചയപ്പെട്ട യുവതിയ ബ്ലാക്ക് മെയില്‍ ചെയ്ത 24കാരനെ തലയ്ക്കടിച്ച് കൊന്ന് 20കാരിയും സുഹൃത്തും. 20കാരിയുമായി സൗഹൃദം സ്ഥാപിച്ച 24കാരന്‍ സുഹൃദ്ബന്ധം മുതലെടുത്ത് യുവതിയ്ക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നഗ്‌നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചതിന് പിന്നാലെയാണ് യുവതിയും അടുത്ത സുഹൃത്തും ചേര്‍ന്ന് കൊല നടത്തിയത്.

മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സ്വയം പരഞ്ചപേ എന്ന 24കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയേയും 24കാരനായ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വിശദമാക്കി.

സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. ഈ വര്‍ഷം ആദ്യം നടന്ന ഒരു ബന്ധുവിന്റെ വിവാഹത്തില്‍ വച്ചാണ് യുവതിയെ 24കാരന്‍ പരിചയപ്പെടുന്നത്. യുവതിയുമായി സൗഹൃദത്തിലായ യുവാവ് കഴിഞ്ഞ മാസം യുവതിയ ഭക്ഷണത്തിന് ക്ഷണിച്ചു. ഭക്ഷണത്തിനൊപ്പം നല്‍കിയ ജ്യൂസില്‍ ഉറക്കമരുന്ന് കലര്‍ത്തിയ ശേഷം അബോധാവസ്ഥയിലായ യുവതിയെ ഇയാളുടെ വീട്ടിലെത്തിച്ച് നഗ്‌ന ചിത്രങ്ങള്‍ എടുത്തു. പിന്നീട് ഈ ചിത്രങ്ങള്‍ അയച്ച് തനിക്ക് വഴങ്ങണമെന്ന് കാണിച്ച് ഭീഷണി ആരംഭിച്ചു. 24കാരന്റെ ശല്യം താങ്ങാനാവാതെ വന്നതോടെ യുവതി ഉറ്റസുഹൃത്തിനെ വിവരം അറിയിച്ചു.

പിന്നീട് 24കാരന്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ യുവാവിനെ കാണാനായി യുവതിക്കൊപ്പം സുഹൃത്തുകൂടി കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ എത്തുകയായിരുന്നു. ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാനാവശ്യപ്പെട്ടുള്ള തര്‍ക്കം വളരെ വേഗം കയ്യേറ്റത്തിലെത്തുകയായിരുന്നു. ഇതിനിടയില്‍ യുവാവിന്റെ വീട്ടിലുണ്ടായിരുന്ന ആയുധമെടുത്ത് യുവതിയുടെ സുഹൃത്ത് 24കാരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ 24കാരന്റെ വീട്ടില്‍ നിന്ന് മുങ്ങിയ യുവതിയേയും സുഹൃത്തിനേയും ഫോണ്‍വിളികളുടെ ആസ്പദമാക്കി പൊലീസ് ചോദ്യം ചെയ്യാനായി വിളിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.