കാണാതായ പ്രമുഖ വ്യവസായി ബി.എം മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി: കണ്ടെടുത്തത് കുളൂര്‍ പാലത്തിന് അടിയില്‍നിന്ന്
മംഗളൂരു: കാണാതായ പ്രമുഖ കയറ്റുമതി വ്യവസായി ബി.എം.മുംതാസ് അലിയുടെ (52) മൃതദേഹം കണ്ടെത്തി. കുളൂര്‍ പാലത്തിന് അടിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ദേശീയപാത 66ലെ (കൊച്ചി- പന്‍വേല്‍) കുളൂര്‍ പാലത്തിനു മുകളില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ ഇദ്ദേഹത്തിന്റെ ആഡംബര കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പനമ്പൂര്‍ പൊലീസിനെ വിവരമറിയിച്ചിരുന്നു.
തുടര്‍ന്നാണ് ഫാല്‍ഗുനി പുഴയില്‍ തിരച്ചില്‍ നടത്തിയത്. മുംതാസ് അലിയുടെ മൊബൈല്‍ ഫോണും കാറിന്റെ താക്കോലും പാലത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുള്‍പ്പെട്ട സംഘവും എന്‍ഡിആര്‍എഫും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കോണ്‍ഗ്രസ് മുന്‍ എംഎല്‍എ മൊഹിയൂദീന്‍ ബാവയുടെയും ജനതാദള്‍ (എസ്) മുന്‍ എംഎല്‍സി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ് മരിച്ച മുംതാസ് അലി. മുംതാസ് അലി പാലത്തില്‍ നിന്നു ഫാല്‍ഗുനി പുഴയിലേക്ക് ചാടിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. താന്‍ മടങ്ങിവരില്ലെന്ന് കുടുംബ വാട്‌സാപ് ഗ്രൂപ്പില്‍ പുലര്‍ച്ചെ മുംതാസ് അലി സന്ദേശം അയച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ മുംതാസ് അലി വീടുവിട്ടതായി മകള്‍ പൊലീസിനോടു പറഞ്ഞത്.
അതിനിടെ, മുംതാസ് അലിയെ ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്ന കേസില്‍ 6 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുംതാസ് അലിയുടെ സഹോദരന്‍ ഹൈദരലിയുടെ പരാതിയില്‍ റെഹാമത്ത്, അബ്ദുല്‍ സത്താര്‍, ഷാഫി, മുസ്തഫ, സൊഹൈബ്, സിറാജ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഒരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ മുംതാസ് അലിയില്‍നിന്ന് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കൂടുതല്‍ പണമാവശ്യപ്പെട്ട് ഇവര്‍ മുംതാസ് അലിയെ സമ്മര്‍ദത്തിലാക്കിയെന്നും പരാതിയില്‍ പറയുന്നു.