അമ്മയുടെ മരണം മദ്യപാനിയാക്കി, മതം മാറ്റത്തെക്കുറിച്ച് യുവന്‍ ശങ്കര്‍ രാജ


തന്റെ അമ്മയുടെ മരണശേഷമാണ് ഇസ്‌ലാം മതം സ്വീകരിച്ചതെന്നു സംഗീതസംവിധായകൻ യുവന്‍ ശങ്കര്‍ രാജ. പ്രശസ്ത സംഗീതജ്ഞന്‍ ഇളയരാജയുടെ മകനായ യുവന്‍ 2015ല്‍ ആണ് ഇസ്‌ലാം മതം സ്വീകരിച്ച്‌ അബ്ദുള്‍ ഹാലിഖ് എന്ന പേര് സ്വീകരിച്ചത്. അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് യുവൻ ഒരു അഭിമുഖത്തിൽ പങ്കുവച്ചത് ശ്രദ്ധനേടുന്നു.

read also; വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രത്തിനു തുടക്കമായി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘അമ്മയുടെ മരണ ശേഷം താന്‍ ഒരു ലോസ്റ്റ് ചൈല്‍ഡ് ആയി മാറി. അവരെ താന്‍ ഇടയ്‌ക്ക് ഇടയ്‌ക്ക് സ്വപ്നം കാണാറുണ്ടായിരുന്നു. എവിടെയാണ് അമ്മയുള്ളത്, അവര്‍ എവിടെയോ ഉണ്ടെന്ന് അറിയാം. പക്ഷെ എവിടെയാണ് എന്നുള്ള അന്വേഷണത്തില്‍ ആയിരുന്നു. അത് തന്നെ പൂര്‍ണമായും ഹോണ്ട് ചെയ്യുന്നുണ്ടായിരുന്നു.

അമ്മയുടെ അകാലമരണത്തിന് പിന്നാലെ താന്‍ തികഞ്ഞ മദ്യപാനിയായി മാറി. അതിന് മുമ്പ് താന്‍ പാര്‍ട്ടികള്‍ക്ക് പോയിരുന്നെങ്കിലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ല. പെട്ടന്ന് ഒരുനാള്‍ തനിക്ക് എല്ലാത്തിനും ഉത്തരം ലഭിച്ചു. നമുക്ക് ചുറ്റും നടക്കുന്നതൊന്നുമല്ല കാര്യം. മുകളിലിരുന്ന് ഒരാള്‍ എല്ലാം എഴുതിയിട്ടുണ്ട്. അതുപോലെയെ നടക്കൂ എന്ന് ബോധ്യമായി. ഈ പ്രോസസ് പഠിപ്പിച്ചത് ഇസ്ലാം ആണ്. ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ അച്ഛന്‍ ഇളയരാജ തന്നെ തടഞ്ഞിരുന്നില്ല. ദിവസവും അഞ്ച് നേരം ദൈവത്തോട് പ്രാര്‍ത്ഥിക്കുമെന്ന് പറയുന്ന ഒരാളെ തടയുന്നത് എന്തിനാണ് എന്നായിരുന്നു അച്ഛന്‍ ചോദിച്ചത്’- യുവന്‍ പറഞ്ഞു.

സാഫ്രൂണ്‍ നിസയുമായുള്ള വിവാഹത്തിന് പിന്നാലെ താന്‍ ഇസ്ലാം മതം സ്വീകരിച്ചതായും ഔദ്യോഗികമായി തന്റെ പേര് ഇനി മുതല്‍ അബ്ദുള്‍ ഹാലിഖ് ആയിരിക്കുമെന്നും യുവന്‍ പ്രഖ്യാപിച്ചത് ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു.