ന്യൂഡല്‍ഹി: രാജ്യത്ത് തുലാവര്‍ഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവര്‍ഷം പൂര്‍ണമായും വിടവാങ്ങിയതായും അറിയിച്ചിട്ടുണ്ട്. അതേസമയം, അറബിക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ( Depression ) ശക്തി പ്രാപിച്ചു. ഇത് ഒമാന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലും പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് ഒക്ടോബര്‍ 17ന് ചെന്നൈ ക്ക് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പുതുച്ചേരി, വടക്കന്‍ തമിഴ് നാട്, തെക്കന്‍ ആന്ധ്ര എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലെല്ലാം കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന പാലക്കാടിന്റെ കിഴക്കന്‍ മേഖലയിലും ശക്തമായ മഴയുണ്ട്. കേരളത്തില്‍ കഴിഞ്ഞ ദിവസത്തെ പോലെ മഴ തുടരുമെന്ന് മുന്നറിയിപ്പ് ഉണ്ട്.
വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ കാറ്റിലൂടെയാണു തുലാവര്‍ഷം പെയ്യുന്നത്. സാധാരണ ഉച്ചയ്ക്കു ശേഷം പെയ്യുന്ന തുലാവര്‍ഷം ഇടിവെട്ടും മിന്നലും ഉള്ളതായിരിക്കും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് തുലാവര്‍ഷ കലണ്ടര്‍. പടിഞ്ഞാറന്‍ കാറ്റിലൂടെയാണ് കാലവര്‍ഷം ലഭിക്കുന്നത്. ഇത് ഇന്ത്യയിലെ കാര്‍ഷികരംഗത്തേയും മറ്റും ഏറെ സ്വാധീനിക്കുന്നുണ്ട്.
വന്‍തോതില്‍ കാര്‍മേഘം
ശക്തമായ ചൂടില്‍ ഉയര്‍ന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു വന്‍തോതില്‍ കാര്‍മേഘങ്ങള്‍ രൂപം കൊള്ളുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. പ്രദേശത്തെ കനത്ത ഈര്‍പ്പം നീരാവിയാകുന്നതാണു കാരണം. മേഘങ്ങള്‍ കൂടുതലും ആ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു പെയ്യുന്ന സ്ഥിതിയുണ്ട്. 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മില്ലിമീറ്റര്‍വരെ മഴ പ്രതീക്ഷിക്കുന്നതിനാല്‍ മലയോരപ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണമെന്നാണ് ഐഎംഡി മുന്നറിയിപ്പ്.