പ്രേമിച്ച് വിവാഹം കഴിച്ച ഗര്‍ഭിണിയായ മകളെ കൊലപ്പെടുത്തിയ അച്ഛന്റെ വധശിക്ഷ ഇളവ് ചെയ്ത് സുപ്രീം കോടതി


ന്യൂഡല്‍ഹി: ഗര്‍ഭിണിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന്റെ വധശിക്ഷ സുപ്രീം കോടതി 20 വര്‍ഷം കഠിനതടവായി കുറച്ചു. മഹാരാഷ്ട്രയിലെ നാസിക് സ്വദേശി ഏക്നാഥ് കിസന്‍ കുഭര്‍കറുടെ വധശിക്ഷയാണ് കുറച്ചത്. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, അരവിന്ദ് കുമാര്‍, കെവി വിശ്വനാഥന്‍ എന്നിവരാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്.

read also: ജോലിക്കിടെ ഹൃദയാഘാതം: മലയാളി യുവാവ് സൗദിയില്‍ മരിച്ചു

2013 ജൂണ്‍ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതര ജാതിയില്‍ നിന്നുള്ള യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനാണ് മകളായ പ്രമീളയെ ഏക്നാഥ് കിസന്‍ കുഭര്‍കര്‍ വധിച്ചത്. ക്രൂരകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിലയിരുത്തിയാണ് വിചാരണക്കോടതിയും പിന്നീട് ഹൈക്കോടതിയും കേസില്‍പ്രതിയെ ശിക്ഷിച്ചത്.

എന്നാല്‍ സുപ്രീം കോടതി ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് വിലയിരുത്തി. പ്രതി ദരിദ്ര സാഹചര്യത്തില്‍ നിന്നുള്ളയാളാണെന്നും മാതാപിതാക്കളില്‍ നിന്ന് മികച്ച പരിചരണം ലഭിക്കാതിരുന്ന ബാല്യമാണ് പ്രതിയുടേതെന്നതും കോടതി പരിഗണിച്ചു. പ്രതിക്ക് മാനസാന്തരപ്പെടാനുള്ള സമയം കഴിഞ്ഞതായി കണക്കാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

38 വയസ് മാത്രമാണ് കേസിലെ പ്രതിയായ ഏക്‌നാഥ് കിസന്‍ കുംഭര്‍കറുടെ പ്രായം. ഇയാള്‍ക്ക് മുന്‍ ക്രിമിനല്‍ പശ്ചാത്തലവും ഇല്ലായിരുന്നു. 2014 ല്‍ പ്രതി ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ജയിലില്‍ പ്രതി സല്‍സ്വഭാവിയായിരുന്നുവെന്ന റിപ്പോര്‍ട്ടും വധശിക്ഷ റദ്ദാക്കുന്നതില്‍ അനുകൂല ഘടകങ്ങളായി.