ബെംഗളൂരു: അനധികൃത ഇരുമ്പയിര് കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും കാര്‍വാര്‍ എംഎല്‍എയുമായ സതീഷ് കൃഷ്ണ സെയിലിന് എതിരായ വിധി പ്രസ്താവത്തിലെ വിവരങ്ങള്‍ പുറത്ത്. ആറ് കേസുകളിലായി സതീഷ് സെയിലിന് 42 വര്‍ഷം ശിക്ഷ അനുഭവിക്കേണ്ടി വരും. ഓരോ കേസുകളിലും ഏഴ് വര്‍ഷം കഠിന തടവാണ് ശിക്ഷ. ഓരോ കേസിലെയും ശിക്ഷാ കാലയളവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന വാചകവും കോടതി ഉത്തരവില്‍ ഇല്ല. അതിനാല്‍ വിധി പ്രകാരം സതീഷ് സെയിലിനും മറ്റ് 6 പേര്‍ക്കും 42 വര്‍ഷം ജയിലില്‍ കിടക്കണ്ടി വരും. 58-കാരനായ സതീഷ് സെയില്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശിക്ഷയില്‍ ഇളവ് തേടിയെങ്കിലും കോടതി നിരസിച്ചു.
Read Also: വിമാനങ്ങള്‍ക്ക് പിന്നാലെ ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി സന്ദേശം: രാജ്യത്തെ 24 പ്രധാന ഹോട്ടലുകള്‍ക്കാണ് ബോംബ് ഭീഷണി
ശിക്ഷാ കാലയളവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ 42 വര്‍ഷം ജയിലില്‍ കിടക്കണ്ടി വരും. ഇതിനെതിരെ ആദ്യം കോടതിയെ സമീപിക്കാനാണ് സതീഷ് സെയിലിന്റെ അഭിഭാഷകര്‍ ഒരുങ്ങുന്നത്. പ്രത്യേക കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ശിക്ഷാ കാലയളവ് കുറക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.
സതീഷ് സെയിലിന് ഉടമസ്ഥതയിലുള്ള കമ്പനികളും 9.2 കോടി രൂപ വീതം പിഴ ഒടുക്കണം. 19 കോടിയോളം രൂപ സര്‍ക്കാരിന് പിഴ ഒടുക്കേണ്ടി വരും. സെയിലിനെയും അന്ന് ബെലകെരി തുറമുഖ ഡയറക്ടറായിരുന്ന മഹേഷ് ബിലിയ അടക്കം മറ്റ് 6 പേരെയുമാണ് കോടതി ശിക്ഷിച്ചത്. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ആണ് വിധി പ്രസ്താവിച്ചത്.
2006 – 2008 കാലയളവില്‍ കാര്‍വാറിലെ ബെലകെരി തുറമുഖം വഴി, ബെല്ലാരിയില്‍ നിന്ന് കൊണ്ട് വന്ന പതിനൊന്നായിരം മെട്രിക് ടണ്ണോളം ഇരുമ്പയിര് അനധികൃതമായി വിദേശകാര്യങ്ങളിലേക്ക് കടത്തിയെന്നതാണ് കേസ്. സതീഷ് സെയിലിന്റെ ഉടമസ്ഥതയിലുള്ള ശ്രീ മല്ലികാര്‍ജുന്‍ ഷിപ്പിംഗ് എക്‌സ്‌പോര്‍ട്‌സ് അടക്കം നാല് കമ്പനികള്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്.
സര്‍ക്കാരിന് തുച്ഛമായ റോയല്‍റ്റി മാത്രം നല്‍കി നടത്തിയ അനധികൃത കയറ്റുമതിയിലൂടെ 200 കോടി രൂപയോളം ഖജനാവിന് നഷ്ടമുണ്ടായെന്നാണ് ലോകായുക്തയും പിന്നീട് ആദായനികുതിവകുപ്പും 2010-11 കാലയളവില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.