വനിത കമ്പാർട്ടുമെൻ്റുകളിൽ യാത്ര ചെയ്ത 1,400 ഓളം പുരുഷൻമാർ അറസ്റ്റിൽ : കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് റെയിൽവേ
കൊൽക്കത്ത: സ്ത്രീകൾക്കായി അനുവദിച്ചിട്ടുള്ള ട്രെയിൻ കമ്പാർട്ടുമെൻ്റുകളിൽ യാത്ര ചെയ്ത 1,400 ലധികം പുരുഷ യാത്രക്കാരെ അറസ്റ്റ് ചെയ്തതായി ഈസ്റ്റേൺ റെയിൽവേയിലെ ആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒക്ടോബറിൽ മാത്രമാണ് ഇത്തരത്തിലുള്ള നിയമലംഘകരെ പിടികൂടിയത്.
ഹൗറ ഡിവിഷനിൽ 262 പേരും സീൽദയിൽ 574 പേരും മാൾഡയിൽ 176 പേരും അസൻസോളിൽ 392 നിയമലംഘകരും അറസ്റ്റിലായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കൂടാതെ വനിത കംപാർട്ട്‌മെൻ്റുകളിലോ വനിത സ്‌പെഷ്യൽ ട്രെയിനുകളിലോ
എന്തെങ്കിലും അസൗകര്യമുണ്ടായാൽ റെയിൽവേ അധികൃതരുടെ സഹായം ലഭിക്കുന്നതിന് 139 എന്ന നമ്പറിൽ വിളിക്കാമെന്നും അധികൃതർ അറിയിച്ചു.
അതേ സമയം സ്ത്രീകൾക്ക് മാത്രമായി നിശ്ചയിച്ചിട്ടുള്ള ട്രെയിൻ കമ്പാർട്ടുമെൻ്റുകളിൽ അനധികൃതമായി കയറിയാൽ പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ കുറ്റക്കാർക്കെതിരെ ചുമത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.