പ്ലസ് വൺ വിദ്യാർത്ഥിനി സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ ക്ഷണിച്ചത് വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി
അജ്ഞാതൻ കത്തികാണിച്ച് ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പിടിയിലായത് പെണ്‍കുട്ടിയുടെ സുഹൃത്ത്. പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ ഓണ്‍ലൈൻ സുഹൃത്തിനെ പോക്സോ ചുമത്തി ജയിലിലടച്ചു.
ചെന്നൈക്കടുത്ത് പെരുമ്പാക്കത്തെ പതിനൊന്നാം ക്ലാസുകാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. വീട്ടില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയോട് അയല്‍വാസികള്‍ കാര്യമന്വേഷിച്ചപ്പോഴാണ് അജ്ഞാതൻ കത്തികാണിച്ച് ബലാത്സംഗം ചെയ്തെന്നു പറഞ്ഞത്.
മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തുവന്ന അക്രമി കുടിക്കാൻ വെള്ളം ചോദിച്ചെന്നും വെള്ളമെടുക്കുന്നതിനിടെ വീട്ടിനുള്ളില്‍ കയറി ഭീഷണിപ്പെടുത്തിയെന്നുമാണ് കുട്ടി പറഞ്ഞത്. ഇതനുസരിച്ച് പോലീസില്‍ പരാതിയും നല്‍കി. എന്നാല്‍, പോലീസ് ചോദ്യംചെയ്തപ്പോള്‍ പെണ്‍കുട്ടി പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി. കൈയിലെ മുറിവ് കത്തികൊണ്ട് ഉണ്ടായതല്ലെന്ന് വ്യക്തമായി. സമീപത്തെ വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരു യുവാവ് പെണ്‍കുട്ടിയോടൊപ്പം വീട്ടിനുള്ളിലേക്കു കയറുന്നതിന്റെയും കുറേക്കഴിഞ്ഞ് ഇറങ്ങിപ്പോകുന്നതിന്റെയും ദൃശ്യങ്ങള്‍ കണ്ടു.
താൻ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട സുഹൃത്താണ് അതെന്ന് കുട്ടി സമ്മതിച്ചു. വീട്ടില്‍ ആളില്ലാത്തസമയത്ത് താൻ ക്ഷണിച്ചിട്ടാണ് അയാള്‍ വന്നതെന്നും പറഞ്ഞു. എന്നാല്‍, അവസരം മുതലെടുത്ത് അയാള്‍ ലൈംഗിക ചൂഷണം നടത്തുകയായിരുന്നെന്നും വീട്ടുകാരെ ഭയന്നാണ് അജ്ഞാതന്റെ കഥ മെനഞ്ഞതെന്നും പെണ്‍കുട്ടി അറിയിച്ചു.
പോലീസിന്റെ അന്വേഷണത്തില്‍ എലഫന്റ് ഗേറ്റ് സ്വദേശിയായ ദിനേഷ് (19) പിടിയിലായി. പെരുമ്പാക്കത്ത് ജോലിക്കു വന്നപ്പോഴാണ് കൂട്ടുകാരിയുടെ ക്ഷണമനുസരിച്ച് വീട്ടില്‍ കയറിയതെന്ന് അയാള്‍ പറഞ്ഞു. നാടൻ പാട്ട് കലാകാരൻ കൂടിയായ ദിനേഷ് മയക്കുമരുന്നു കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.