മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു : സുരക്ഷ സേന വധിച്ചത് ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവിനെ
ബെംഗളൂരു : കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കിലെ സീതാമ്പൈലു പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍.
ശൃംഗേരി, നരസിംഹരാജപുര, കാര്‍ക്കള, ഉഡുപ്പി മേഖലകളില്‍ അടുത്ത ദിവസങ്ങളില്‍ ഗൗഡയുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ പ്രദേശങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
കര്‍ണാടക പോലിസും ആന്റി നക്‌സല്‍ ഫോഴ്‌സും ഹിബ്രി വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ അഞ്ച് മാവോയിസ്റ്റുകളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുമായി ഏറ്റുമുട്ടല്‍ ഉണ്ടായി. ഈ ഏറ്റുമുട്ടലിലാണ് വിക്രം ഗൗഡ കൊല്ലപ്പെട്ടത്.
നേരത്തെ ചിക്കമംഗളുരു ഭാഗത്ത് വിക്രം ഗൗഡയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവായിരുന്നു വിക്രം ഗൗഡ. നേരത്തെ 2016ല്‍ വയനാട് നിലമ്പൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ നിന്നും രക്ഷപ്പെട്ട ആളാണ് വിക്രം ഗൗഡ.