സ്വർണ്ണ കവർച്ചയ്ക്ക് ശേഷം കാർ ഉപേക്ഷിച്ചു: അകത്തെ രഹസ്യ അറയിൽ ഒരു കോടി കണ്ടെത്തി, അന്വേഷണം കോഴിക്കോട്ടേക്കും
കോഴിക്കോട്: കേരളത്തിൽ നിന്ന് സ്വർണ്ണം കടത്തിയ വാഹനത്തെ ആക്രമിച്ച് സിനിമാ സ്റ്റൈലിൽ പണം തട്ടിയ സംഭവത്തിൽ അന്വേഷണം കോഴിക്കോട്ടെയ്ക്കും. അനധികൃത സ്വർണം മഹാരാഷ്ട്രയിലേക്ക് കടത്തിയത് കോഴിക്കോട് പേരാമ്പ്രയിൽ നിന്നാണെന്ന് ബാഗൽകോട്ട് എസ്‍ പി ബീമാശങ്കർ ഗുലേദ് ഒരു വാർത്ത ചാനലിൽ പറഞ്ഞു. മഹാരാഷ്ട്ര സ്വദേശിയായ ഭരത് മാർഗുഡെ എന്നയാളാണ് സ്വർണം അയച്ചത്. കോഴിക്കോട്ടെയും ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ജ്വല്ലറികളിൽ നിന്ന് പഴയ സ്വർണം ശേഖരിച്ച് ഉരുക്കി വിൽക്കലാണ് ഇയാളുടെ ബിസിനസ്.
പേരാമ്പ്രയിൽ ഭരത് മാർഗുഡെയ്ക്ക് സ്വർണം ഉരുക്കിയെടുക്കുന്ന ചെറു സ്ഥാപനമുണ്ട്. അനധികൃതമായി, നികുതി അടയ്ക്കാതെയാണ് കോഴിക്കോട് നിന്ന് സ്വർണം മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ കൊണ്ട് പോയി വിറ്റതും പണം കൊണ്ട് വന്നതുമെന്ന് എസ്‍ പി വ്യക്തമാക്കി. കേസ് സെൻട്രൽ ജിഎസ്‍ ടി വിഭാഗവും ഏറ്റെടുക്കും. അന്വേഷണത്തിനായി കർണാടക പൊലീസ് കോഴിക്കോട്ടെത്തിയിരുന്നു. പേരാമ്പ്രയിലെ ഭരതിന്‍റെ സ്ഥാപനത്തിലടക്കം വിശദമായ പരിശോധന നടത്തിയെന്നും ഈ കവർച്ചയിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതടക്കം വിശദമായി അന്വേഷിക്കുമെന്നും ബാഗൽകോട്ട് എസ്‍ പി അറിയിച്ചു.
വിശദവിവരങ്ങൾ ഇങ്ങനെ
കർണാടകയിലെ ബെലഗാവിയിൽ ഈ മാസം 15 നാണ് കവർച്ച നടന്നത്. കേരളത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് സ്വർണം കടത്തിയ വാഹനമാണ് കവർച്ച ചെയ്യപ്പെട്ടത്. കേസിൽ സാംഗ്ലി സ്വദേശികളായ നവനീത്, സൂരജ് എന്നിവരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് കേരളത്തിലേക്ക് അന്വേഷണം നീണ്ടത്. കേരളത്തിൽ നിന്നുള്ള സ്വർണം മഹാരാഷ്ട്രയിൽ എത്തിച്ച് പണവുമായി മടങ്ങിയത് മൂന്നംഗ സംഘമാണ്. ഇവരെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് വാഹനം തട്ടിയെടുത്തത്. പിടികൂടിയ പ്രതികളിൽ നിന്ന് കർണാടക പൊലീസ് 16 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഉപേക്ഷിച്ച കാറിലുണ്ടായിരുന്ന രഹസ്യ അറയിൽ നിന്ന് ഒരു കോടി രൂപയും കണ്ടെത്തിയിരുന്നു.