അബ്ദുൽ സനൂഫ് ഫസീലയെ കൊലപ്പെടുത്തി കടന്നു കളഞ്ഞത് എങ്ങോട്ട്? ലോഡ്ജിലെ യുവതിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട്: മലപ്പുറം സ്വദേശിനിയായ യുവതിയെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. യുവതിയെ കൊലപ്പെടുത്തിയ തൃശ്ശൂർ സ്വദേശി അബ്ദുൽ സനൂഫ് കേരളം വിട്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം, ഇയാൾക്ക് പാസ്പോർട്ട് ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തൃശൂർ തിരുവില്ലാമല സ്വദേശിയാണ് അബ്ദുൾ സനൂഫ്. ഇയാൾ ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി. വാടകയ്ക്കെടുത്ത കാറിലായിരുന്നു കൊല്ലപ്പെട്ട യുവതിയുമായി പ്രതി ലോഡ്ജിൽ എത്തിയതും പിന്നീട് മുങ്ങിയതും. കാറുടമയായ സുഹൃത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. പ്രതി അബ്ദുൽ സനൂഫിനെതിരെ ഇന്നലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ പൊലീസ് പരിശോധന തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന സൂചന കിട്ടിയത്. ഇതോടെ നേരത്തെ അസ്വാഭാവിക മരണത്തിന് കേസ്സെടുത്ത പൊലീസ് കൊലപാതത്തിന് അബ്ദുൾ സനൂഫിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ബി എൻ എസ് 103 (1) പ്രകാരമാണ് കേസ്.
അബ്ദുൽ സനൂഫാണ് യുവതിക്കൊപ്പമെത്തി ലോഡ്ജിൽ മുറി എടുത്തത്. ഇരുപത്തഞ്ചാം തിയതി രാത്രി ലോഡ്ജിൽ നിന്ന് പോയതാണ് അബ്ദുൾ സനൂഫ്. ഇയാൾ ലോഡ്ജിൽ നൽകിയ വിലാസവും ഫോൺ നമ്പരും വ്യാജമാണെന്ന് പൊലീസ് അന്വേഷത്തിൽ വ്യക്തമായതാണ്. ഇയാൾ ഉപയോഗിച്ച കാർ പാലക്കാട് നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.