എയർ ഇന്ത്യ പൈലറ്റ് ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. സൃഷ്ടി തുലി (25) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് ആദിത്യ പണ്ഡിറ്റ് (27) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. തിങ്കളാഴ്ചയാണ് യുവതി ജീവനൊടുക്കിയത്.
ആദിത്യയുടെ മോശം പെരുമാറ്റം കാരണമാണ് സൃഷ്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. ആദിത്യ തുലിയെ പരസ്യമായി അധിക്ഷേപിക്കുകയും മാംസാഹാരം ഒഴിവാക്കുന്നതടക്കം ഭക്ഷണ ശീലം മാറ്റാൻ നിർബന്ധിക്കുകയും ചെയ്തിരുന്നതായി അമ്മാവൻ പൊലീസിനോട് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ പണ്ഡിറ്റ് ഡൽഹിയിലേക്ക് പോകുമ്പോൾ താൻ ജീവനൊടുക്കാൻ പോവുകയാണെന്ന് തുലി ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ തന്നെ മുംബൈയിലേക്ക് തിരിച്ചെത്തി ഫ്ലാറ്റിൽ നോക്കിയപ്പോൾ അത് അകത്തുനിന്ന് ലോക്ക് ചെയ്തിരിക്കുകയായിരുന്നു. മറ്റൊരു ചാവി സംഘടിപ്പിച്ച് റൂം തുറന്നപ്പോൾ തുലി കേബിൾ വയറിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.
യുപി സ്വദേശിയായ സൃഷ്ടി തുലി കഴിഞ്ഞ വർഷം ജൂൺ മുതലാണ് മുംബൈയിൽ താമസമാരംഭിച്ചത്. രണ്ട് വർഷം മുമ്പ് ഡൽഹിയിൽ പൈലറ്റ് കോഴ്സ് പഠിക്കുമ്പോഴാണ് തുലി ആദിത്യ പണ്ഡിറ്റിനെ പരിചയപ്പെട്ടത്.