കോസ്റ്റ് ഗാര്‍ഡിന്റെ വിവരങ്ങൾ പാകിസ്ഥാന് കൈമാറിയത് 200 രൂപ ദിവസക്കൂലിക്ക് : ഗുജറാത്ത് സ്വദേശി പിടിയിൽ


ന്യൂദല്‍ഹി : ഇരുനൂറ് രൂപ ദിവസക്കൂലിക്ക് പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഗുജറാത്ത് സ്വദേശി പിടിയില്‍. ഗുജറാത്തിലെ ദ്വാരകയില്‍ ജോലിയെടുക്കുന്ന ദിപേഷ് ഗോഹിലാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായത്.

ഒക്ക തുറമുഖത്തെ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളുടെ വിവരങ്ങള്‍ ഇയാള്‍ വാട്ട്‌സാപ്പിലൂടെ പാകിസ്ഥാൻ സൈന്യത്തിന് കൈമാറിയെന്നാണ് പോലീസ് പറയുന്നത്. ദിപേഷിന്റെ സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കാണ് പാകിസ്ഥാനിൽ നിന്നും പണം എത്തിയിരുന്നത്.

വെല്‍ഡിങ് ജോലിയുടെ പണമാണ് എത്തുന്നതെന്നാണ് ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി 42,000 രൂപയാണ് സുഹൃത്തുക്കളുടെ അക്കൗണ്ടില്‍ എത്തിയതെന്നും പോലീസ് അറിയിച്ചു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.