എറണാകുളത്ത് തമിഴ്നാട് കോളേജ് വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ബസ് മരത്തിലിടിച്ച് മറിഞ്ഞു : നാല് പേര്‍ക്ക് പരിക്ക്


കൊച്ചി : കൊച്ചിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. എറണാകുളം ചക്കര പറമ്പിൽ ദേശീയ പാതയിലാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂരില്‍ നിന്നും വര്‍ക്കലയിലേക്ക് പോയ ബസാണ് മറിഞ്ഞത്. കേരളത്തിലേയ്‌ക്ക് വിനോദയാത്രക്കെത്തിയതാണ് കോയമ്പൂര്‍ എസ്എന്‍എസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍.

പുലർച്ചെ 2.45 ഓടെയാണ് അപകടം. അമിത വേഗതയില്‍ വന്ന ബസ് മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവര്‍ക്കും പരിക്കുണ്ട്. 30 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല.

പരിക്കേറ്റ വിദ്യാർത്ഥികൾക്ക് പ്രാഥമിക ശുശ്രൂഷ തേടിയതിന് ശേഷം സംഘം മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.