കളര്‍കോട് അപകടം : മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി : മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കും


ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച അഞ്ച് പേരുടേയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. കോട്ടയം സ്വദേശി ദേവാനന്ദ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശീ ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍ എന്നിവരുടെ പോസ്റ്റമോര്‍ട്ടമാണ് പൂര്‍ത്തിയായത്.

ഇവരുടെ മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ വീട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
പാലാ മറ്റക്കരയിലെ വീട്ടിലായിരിക്കും ദേവാനന്ദിന്റെ സംസ്‌കാരം. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും സംസ്‌കാരം.

ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ ഖബറടക്കം എറണാകുളം ടൗണ്‍ ജുമാ മസ്ജിദില്‍ നടക്കും. കോട്ടയം പൂഞ്ഞാര്‍ സ്വദേശി ആയുഷിന്റെ സംസ്‌കാരം കുടുംബ വീടായ ആലപ്പുഴ കാവാലത്ത് നാളെ രാവിലെ 10ന് നടത്തും. ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിമിന്റെ ഖബറടക്കം എറണാകുളത്ത് നടക്കും.

പരിക്കേറ്റവര്‍ക്ക് വേണ്ട ചികിത്സ സഹായം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. ഗുരുവായൂരില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് എതിര്‍ദിശയില്‍ നിന്നു വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ തത്ക്ഷണം മരിച്ചു. മറ്റുള്ളവര്‍ ചികിത്സയിലാണ്.