പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യക്ക് കുഞ്ഞിനെ ഏൽപ്പിക്കാനെത്തിയ യുവാവിന് മർദ്ദനം: ഹൃദ്രോഗിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദിച്ചതിന് പിന്നാലെ ഹൃദ്രോഗിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കായംകുളം പെരുമ്പള്ളി പുത്തൻ പറമ്പിൽ വിഷ്ണുവാണ് മരിച്ചത്. സംഭവത്തിൽ വിഷ്ണുവിന്‍റെ ഭാര്യയുടെ ബന്ധുക്കളായ രണ്ടു പേരെ തൃക്കുന്നപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു.
വിഷ്ണവുന്‍റെ ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. ഒന്നര വർഷമായി ഭാര്യ ആതിരയുമായി പിണങ്ങി താമസിക്കുകയാണ് വിഷ്ണു. നാല് വയസുള്ള ഒരു മകനുണ്ട്. മകനെ ഏൽപ്പിക്കാൻ ഭാര്യവീട്ടിൽ എത്തിയതായിരുന്നു വിഷ്ണു. ഇതിനിടയിൽ ഭാര്യയുമായി ആദ്യം തർക്കമുണ്ടായി. പിന്നീട് ഭാര്യയുടെ ബന്ധുക്കളുൾപ്പെടെ ഇടപെട്ട് വിഷ്ണുവിനെ മർദ്ദിച്ചുവെന്നാണ് കുടുബത്തിൻ്റെ ആരോപണം.
മർദ്ദനമേറ്റ് കുഴഞ്ഞുവീണ വിഷ്ണുവിനെ കായംകുളം ജില്ലാ താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു. പിന്നാലെയാണ് വിഷ്ണുവിൻ്റെ കുടുംബം പരാതി നൽകിയത്. വിഷ്ണു ഹൃദ്രോഗിയാണ്. നിലവിൽ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.