ദേവദൂതൻ മുതൽ വല്ല്യേട്ടന്‍ വരെ : റീ റിലീസുകളുടെ 2024


മലയാള സിനിമയ്ക്ക് 2024 നേട്ടങ്ങളുടെ കാലമായിരുന്നു. സ്ഫടികത്തിന്‍റെ റീ റിലീസിലൂടെ തുടക്കമിട്ട റീ റിലീസ് കാലമായിരുന്നു 2024. 4k ദൃശ്യമികവിൽ ഒരുപിടി ചിത്രങ്ങൾ പ്രദർശന വിജയം നേടിയപ്പോൾ ഇറങ്ങിയ കാലത്ത് രചിച്ച ചരിത്രത്തെ പോലും തോല്പിച്ചുകൊണ്ടായിരുന്നു.

ദേവദൂതൻ

 വിശാൽ കൃഷ്ണമൂർത്തി നടത്തിയ സംഗീതയാത്രയിലൂടെ നിഖിൽ മഹേശ്വറിന്‍റെയും അലീനയുടെയും പ്രണയ കഥ പറഞ്ഞ സിബി മലയിൽ ചിത്രം ദൈവദൂതൻ 2000 ൽ പ്രദർശനത്തെത്തിയിരുന്നു. അക്കാലത്ത് തിയറ്ററുകളിൽ സ്വീകരിക്കപ്പെടാതെ പോയ സിനിമയ്ക്ക് 24 വർഷത്തിന് ശേഷം വൻ വരവേൽപ്പാണ് കിട്ടിയത്.

മണിച്ചിത്രത്താഴ്

1993ൽ പുറത്തിറങ്ങിയ, മലയാളത്തിലെ ക്ലാസിക് സിനിമയാണ് മണിച്ചിത്രത്താഴ്. മാനസികനില തെറ്റിയ ഗംഗയിൽ നിന്നും നാഗവല്ലിയെ പാടെ പറിച്ചു കളഞ്ഞ ഡോക്ടർ സണ്ണിയുടെ, മരുന്നിന്റെയും മന്ത്രവാദത്തിന്റെയും കഥകൾ ചേർന്ന ഒരു ഫാന്റസി ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസിലിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം 31 വർഷത്തിനിപ്പുറം 2024 ലാണ് റീ റിലീസ് ചെയ്തത്. ഡോൾബി അറ്റ്മോസ് ശബ്ദത്തോടെ 4കെ റെസല്യൂഷനിൽ തന്റെ രണ്ടാം വരവും പ്രേക്ഷകർ ഏറ്റെടുത്തു.

പാലേരി മാണിക്യം

 പാലേരിയിൽ കൊല്ലപ്പെട്ട മാണിക്യത്തെക്കുറിച്ചും ഈ കേസിനെക്കുറിച്ചും പഠിക്കാനായി 52 വർഷങ്ങൾക്കു ശേഷം എത്തുന്ന ഹരിദാസിലൂടെ ചുരുൾ നിവരുന്ന ഒരു ദേശത്തിന്റെ കഥ ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ’.   2009 ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടിയ മമ്മൂട്ടി -രഞ്ജിത് ചിത്രം ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ’ റീ റിലീസിങ്ങിലും കാര്യമായ ചലനങ്ങൾ ഒന്നും സൃഷ്ടിച്ചില്ല. ഈ സിനിമയ്ക്കു വേണ്ടി ഓഡിഷനു വിളിച്ച സംവിധായകൻ രഞ്ജിത് തന്നോട് മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ ആരോപണം വന്നതും സിനിമയുടെ റീ റിലീസിനോട് അടുപ്പിച്ചായിരുന്നു.

വല്ല്യേട്ടന്‍

മമ്മൂട്ടിയുടെ മാസ് ആക്ഷന്‍ ത്രില്ലറുകളില്‍ ഒന്നാണ് ‘വല്ല്യേട്ടന്‍’.  സഹോദരബന്ധത്തിന്റെ കഥപറഞ്ഞ ,അറയ്ക്കൽ മാധവനുണ്ണിയും അനുജൻമാരും കാലം നിറഞ്ഞാടിയ ചിത്രമാണ് വല്ല്യേട്ടന്‍.  ഷാജി കൈലാസ് – രഞ്ജിത്ത് ടീം അണിയിച്ചൊരുക്കിയ ചിത്രം 24 വർഷങ്ങൾക്ക് ശേഷം 4കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദത്തോടെയും പ്രദർശനത്തിനെത്തി. മലയാള സിനിമയിലെ റീ റിലീസ് ട്രെൻഡിൽ, 2024ലെ ഏറ്റവും ഒടുവിലത്തെ സിനിമയാണ് വല്ല്യേട്ടൻ.