ഇന്ത്യൻ സിനിമയുടെ മുഖഛായ തന്നെ മാറ്റിയെഴുതാൻ പോകുന്ന Trend setter എന്നു വിശേഷിപ്പിക്കാവുന്ന, മലയാളികളുടെ പ്രിയപ്പെട്ട ഉണ്ണി മുകുന്ദൻ Title റോളിൽ അഭിനയിച്ച മാർക്കോ എന്ന മലയാള ചലച്ചിത്രം.
കഥ പറച്ചിലിലും, ദൃശ്യ മികവിലും, തന്റെതായ ഒരു ശൈലി മലയാള സിനിമയ്ക്ക് പരിചയപെടുത്തിയ ഹനീഫ് അദേനി എന്ന സംവിധായകൻ. തന്റെ മുൻകാല ചിത്രങ്ങളിലൂടെ കഴിവ് തെളിയിച്ച ഈ യുവ പ്രതിഭ, ഇന്ന് ലോക സിനിമയ്ക്കുമുന്നിൽ, അഭിമാനത്തോടെ ഉയർത്തി കാട്ടാവുന്ന ഒരു ഫിലിം മേക്കറായി വളർന്നു എന്നതിന്റെ തെളിവാണ്, ‘മാർക്കോ’.
ഉണ്ണി മുകുന്ദനെ നായകനാക്കി ഒരു ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കാൻ ധൈര്യം കാണിച്ച ഷരീഫ് മുഹമ്മദ് , ലോക സിനിമയിലെ തന്നെ ആക്ഷൻ ചിത്രങ്ങളോട് കിടപിടിക്കുന്ന രീതിയിൽ ഒരുക്കിയ ചിത്രം, ഇതിനകം തന്നെ, ആഗോള തലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
കഥാപാത്രങ്ങളുടെ ആഴത്തിലുള്ള, പ്രത്യേകതകളെക്കാൾ, ആ കഥാപാത്രങ്ങളായി സ്‌ക്രീനിൽ നിറഞ്ഞാടിയ പുതുമുഖങ്ങൾ ഉൾപ്പെടെയുള്ള നടീനടന്മാരുടെ പ്രകടനം കൊണ്ട് ഞെട്ടിച്ച സിനിമയാണ് മാർക്കോ. അതിൽത്തന്നെ വൈകാരികമായി മാർക്കൊയുമായി ഏറെ അടുപ്പമുള്ള ‘വിക്ടർ’ എന്ന അന്ധ സഹോദരനായി വേഷമിട്ട പുതുമുഖ നടനെ തിരയുകയാണ്, മലയാള പ്രേക്ഷകനും, സോഷ്യൽ മീഡിയയും.
അന്ധതയുടെ അതി സങ്കീർണ്ണതയും ഉൾകാഴ്ചയും തന്റെ കണ്ണുകളിലൂടെയും ചലനങ്ങളിലൂടെയും അസാധ്യമായ മികവോടെയാണ് ഇഷാൻ ഷൌക്കത്ത് എന്ന പുതുമുഖ നടൻ പകർന്നാടിയത്. ദുബായിൽ ജനിച്ചു വളർന്ന ഇഷാൻ, അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ നിന്നും അഭിനയത്തിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. 2022 ൽ ക്യാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത നടനുള്ള പുരസ്‌കാരം നേടിയ ഇഷാന്റെ ലക്ഷ്യം സിനിമയിൽ സജീവമാകുന്നതാണ്.
സ്വന്തം ശബ്ദത്തിൽത്തന്നെ, കഥാപാത്രങ്ങൾക്ക് ശബ്ദം നൽകണം എന്ന നിർബന്ധമുള്ള ഈ ചെറുപ്പക്കാരൻ, മലയാള സിനിമയുടെ വരുംകാല താര പദവിയിലേക്കുയരാൻ എന്തു കൊണ്ടും യോഗ്യനാണെന്ന്, മാർക്കൊയിലെ ‘വിക്ടർ’ എന്ന കഥാപാത്രത്തിലുടെ തെളിയിച്ചു കഴിഞ്ഞു.
മാർക്കൊയിലെ മിന്നും പ്രകടനത്തോടെ മലയാള സിനിമയിലേക്കുള്ള തന്റെ വരവറിയിച്ച ഇഷാനെ മഹേഷ് നാരായണന്റെ മമ്മുട്ടി – മോഹൻലാൽ ചിത്രം, ഫ്രൈഡേ ഫിലിംസിന്റെ പടക്കളം തുടങ്ങി വരാനിരിക്കുന്ന ചിത്രങ്ങൾ, മലയാളിക്ക് കൂടുതൽ പ്രിയപെട്ടവനാക്കും എന്ന കാര്യത്തിൽ സംശയമില്ല. പുതിയ പരീക്ഷണങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി പ്രേക്ഷകന്റെ ഹൃദയങ്ങളിലേക്ക് ഇഷാനും തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കുകയാണ്.