നാല് വോട്ടിന്റെ പ്രശ്നമോ, രണ്ട് സീറ്റിന്റെ പ്രശ്നമോ അല്ല, നാടിന്റെ ഭാവിയുടെ പ്രശ്നമാണ്: വിമർശിച്ച് പിണറായി വിജയൻ
മലപ്പുറം: ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഇപ്പോൾ വലിയ തോതിൽ യുഡിഎഫിനൊപ്പം ചേർന്നു പ്രവർത്തിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ സംസാരിക്കവെയാണ് മുസ്ലിം ലീഗ്, കോൺഗ്രസ് നിലപാടുകളെ മുഖ്യമന്ത്രി വിമർശിച്ചത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ,
‘സാധാരണ നിലയ്ക്ക് ജമാഅത്തെ ഇസ്ലാമിയെ മതനിരപേക്ഷ മുസ്ലിം സമൂഹം അംഗീകരിക്കുന്നില്ല. എന്നാൽ ലീഗിനിപ്പം അവരോടു വല്ലാത്ത പ്രതിപത്തിയാണ്. പല കാര്യങ്ങളിലും പരസ്പരം ആലോചിച്ച് കാര്യങ്ങൾ നീക്കുന്നു. എസ്ഡിപിഐയ്ക്ക് അമിത ആഹ്ലാദം. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ഇതിനെല്ലാം കീഴ്പ്പെട്ടു കൊണ്ടിരിക്കുന്നു. ഇതെല്ലാം അത്യന്തം ആപത്കരമായ നീക്കമാണെന്നു അവർ മനസിലാക്കണം. കോൺഗ്രസിനു സംഭവിച്ചത് നല്ല അനുഭവ പാഠമാക്കി എടുക്കണം. വർഗീയത നിങ്ങളെ തന്നെ വിഴുങ്ങിയെന്നു വരും.
നാല് വോട്ടിന്റെ പ്രശ്നമോ, രണ്ട് സീറ്റിന്റെ പ്രശ്നമോ അല്ല. നാടിന്റെ ഭാവിയുടെ പ്രശ്നമാണ്. ഇക്കാര്യത്തിൽ കറ കളഞ്ഞ നിലപാടാണ് സിപിഎമ്മിന്. ഒരു വിട്ടുവീഴ്ചയും വർഗീയതയോടില്ല. അത് ഭൂരിപക്ഷ വർഗീയത ആയാലും ന്യൂനപക്ഷ വർഗീയത ആയാലും. നാല് വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ സിപിഎം ഒരു ഘട്ടത്തിലും തയ്യാറുമല്ല – അദ്ദേഹം പറഞ്ഞു.